ഡിഎൽഎഫ് ഫ്ലാറ്റിൽ വീണ്ടും അതിസാരം; 27 പേർ ആശുപത്രികളിൽ
കാക്കനാട് ഡിഎൽഎഫ് ടൗൺഷിപ് ഫ്ലാറ്റുകളിൽ താമസിക്കുന്ന നിരവധിപേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അഞ്ചു ടവറുകളിൽ നടത്തിയ സർവേയിൽ ഇതുവരെ 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടിയതായാണ് വിവരം. ഫ്ലാറ്റിലെ കുടിവെള്ളത്തിലുണ്ടായ അണുബാധയാണ് രോഗകാരണമെന്ന് സംശയിക്കുന്നു. രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. രോഗബാധിതനായ ഒരാളുടെ ചികിത്സാ റിപ്പോർട്ടിൽ ഇ–-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ജൂണിലും ഫ്ലാറ്റിൽ കുടിവെള്ളത്തിലെ അണുബാധമൂലം അഞ്ഞൂറിലധികം പേർക്ക് ഛർദിയും വയറിളക്കവും ഉണ്ടായിരുന്നു. വെള്ളിയാഴ്‌ചമുതൽ താമസക്കാർ അസുഖവിവരം വാട്സാപ് ഗ്രൂപ്പുകളിൽ അറിയിച്ചതിനെ തുടർന്നാണ് വിവരം പുറത്തായത്. നഗരസഭാ ആരോഗ്യവിഭാഗം ഞായറാഴ്‌ച ഫ്ലാറ്റിലെ കുടിവെള്ള സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചു. 11 ആശാ വർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ സർവേയും ആരംഭിച്ചു. സംശയത്തെ തുടർന്ന് വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി പറഞ്ഞു. തിങ്കളാഴ്‌ചമുതൽ ഫ്ലാറ്റിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. രോഗലക്ഷണങ്ങളുള്ളവർക്ക് നഗരസഭാ പ്രാഥമികാരോഗ്യകേന്ദ്രം ചികിത്സ നൽകി. കുഴൽക്കിണറിൽനിന്ന് ശേഖരിച്ച കുടിവെള്ളത്തിൽ അണുബാധയുണ്ടായതായി താമസക്കാരിൽ ചിലർ സംശയം പ്രകടിപ്പിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 4095 പേർ ഡിഎൽഎഫിൽ താമസിക്കുന്നുണ്ട്. 620 ഫ്ലാറ്റുകളിൽ വാടകക്കാരും ബാക്കി ഉടമസ്ഥരുമാണ്. ഫ്ലാറ്റിന്റെ താഴെ സ്ഥാപിച്ച മാസ്റ്റർ ടാങ്കിൽ വെള്ളം സംഭരിച്ചശേഷം പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കും. ഈ വെള്ളമാണ് 15 ടവറുകളിലെ ടാങ്കുകളിലേക്കും എത്തിക്കുന്നത്. വാട്ടർ അതോറിറ്റി, കുഴൽക്കിണർ, കിണർവെള്ളം, മഴവെള്ളസംഭരണി, കുടിവെള്ള ടാങ്കർലോറികൾ എന്നിവവഴിയാണ് മാസ്റ്റർ ടാങ്കിൽ വെള്ളം എത്തിക്കുന്നത്. വയറിളക്കവും ഛർദിയും പടർന്നുപിടിക്കുന്നത് രണ്ടാംതവണ കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ അതിസാരം പടരുന്നത് രണ്ടാംതവണ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റിൽ താമസിക്കുന്ന മുന്നൂറിലേറെപ്പേർക്ക് അതിസാരം ബാധിച്ചത് കഴിഞ്ഞ ജൂണിലാണ്. വെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് ഇടപെട്ട് കുടിവെള്ളസ്രോതസ്സുകൾ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. താമസക്കാരിൽ ബഹുഭൂരിപക്ഷവും ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരായത് അസുഖം പുറത്തറിയാൻ കാലതാമസമുണ്ടാക്കി. പല ജലസ്രോതസ്സുകളിൽനിന്നുള്ള വെള്ളമാണ് ഫ്ലാറ്റിൽ ഉപയോഗിക്കുന്നത്. ഫ്ലാറ്റിലെ വിവിധ കുടിവെള്ളസ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളം എന്നിവയിൽനിന്നായി 46 സാമ്പിളുകളാണ് അന്ന് പരിശോധിച്ചത്. ഇവയിൽ പലതിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് പ്രശ്‌നം പരിഹരിച്ചത്. ഫ്ലാറ്റ് നിർമിച്ചപ്പോൾ പ്രദേശത്തുണ്ടായിരുന്ന കൈത്തോടുകൾ കെട്ടിയടച്ചതാണ് വെള്ളക്കെട്ടും കിണറുകളിൽ അണുബാധയും ഉണ്ടാകുന്നതിന് കാരണമെന്നും പരിസരവാസികൾ പറയുന്നു. Read on deshabhimani.com