ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
തൃശൂർ > സെറിബ്രൽ പാൾസി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ. പെരിങ്ങോട്ടുകര സെന്റ് സെറാഫിക് കോൺവെന്റ് സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ടെസിൻ ജോസഫിനെയാണ് ജില്ല വിദ്യാഭ്യാസ ഓഫിസർ ഡോ.എ അൻസാർ സസ്പെൻഡ് ചെയ്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടായത്. തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ചാഴൂർ സ്വദേശികളായ നായരുപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ-പ്രവീണ ദമ്പതികളുടെ മകൾ അനന്യയാണ് (17) സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ഏറെ നേരം ക്ലാസ് മുറിയിൽ കഴിഞ്ഞത്. മുറി തുറന്നപ്പോൾ കുട്ടി ഭയത്തോടെയാണ് അച്ഛന്റെ അടുത്തേക്ക് വന്നത്. പലപ്രാവശ്യം അനന്യയെ പൂട്ടിയിടാറുണ്ടെന്നും ആരോപണമുണ്ട്. Read on deshabhimani.com