വിവരാവകാശ അപേക്ഷ നിലനിൽക്കുമ്പോൾ രേഖ നശിപ്പിക്കരുത്: 
ഹൈക്കോടതി



കൊച്ചി > വിവരാവകാശ അപേക്ഷ നിലനിൽക്കുമ്പോൾ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പിഎസ്‍സിക്ക് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി നടത്തിയ ഏതാനും പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും നൽകണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് പിഎസ്‍സി നൽകിയ ഹർജിയിലാണ് നിർദേശം. 2013 ജനുവരിമുതൽ ജൂൺവരെ നടത്തിയ പരീക്ഷകളുടെ ചോദ്യോത്തരവിവരങ്ങൾ അപേക്ഷകന് നൽകണമെന്നായിരുന്നു കമീഷന്‍ ഉത്തരവ്. ഇത്തരം രേഖകൾ ഒരുമാസം മാത്രമേ സൂക്ഷിക്കുകയുള്ളൂവെന്നും അതിനാൽ നൽകാനാകില്ലെന്നും പിഎസ്‍സി വാദിച്ചു. നിയമപരമായി ഇതിൽ തെറ്റില്ലെങ്കിലും വിവരാവകാശ അപേക്ഷ നിലനിൽക്കെ രേഖകൾ നശിപ്പിച്ചത് ഉചിതമല്ലെന്ന് ജസ്റ്റിസ് എസ് ഈശ്വരൻ വിലയിരുത്തി. ഭാവിയിൽ ഇത്തരം നടപടിക്കെതിരെ വിവരാവകാശ കമീഷന്‌ യുക്തമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. Read on deshabhimani.com

Related News