കോടിയേരി–ഒരു ദേശം, ഒരു കാലം: ഡോക്യുമെന്ററി പ്രദർശനം ഇന്ന്
തലശേരി > ചിലരുണ്ട് ജീവിതംകൊണ്ട് ദേശവും കാലവും ചരിത്രത്തിൽ കൊത്തിവച്ചവർ... വെട്ടിത്തെളിച്ചെടുത്ത ഒറ്റയടിപ്പാതയിലൂടെ അനേകായിരങ്ങളെ കൈപിടിച്ചു നടത്തിയവർ... സൗമ്യതയുടെയും സമവായത്തിന്റെയും മുഖചിത്രമായിരിക്കുമ്പോഴും പ്രസ്ഥാനത്തിന്റെ നിലപാടുകളുടെയും നിശ്ചയദാർഢ്യത്തിന്റെയും ആൾരൂപമാകുന്നവർ... അവയുടെയെല്ലാം സമവാക്യമായി ഒരാൾ–കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരിയുടെ ജീവിതരേഖ അടിസ്ഥാനമാക്കി നിർമിച്ച ‘കോടിയേരി–ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി തുടങ്ങുന്നത് ഇങ്ങനെയാണ്. സിപിഐ എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി മുതൽ പൊളിറ്റ്‌ബ്യൂറോ അംഗംവരെയായി അരനൂറ്റാണ്ടോളം കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവിനെ ഡോക്യുമെന്ററിയിൽ ആവിഷ്‌കരിക്കുകയെന്ന ശ്രമകര ദൗത്യമാണ് സംവിധായകൻ ജിത്തു കോളയാട് നിർവഹിച്ചത്. കോടിയേരി മൊട്ടേമ്മൽ തറവാട്ടിലെ ബാല്യവും വളർച്ചയും കുടുംബവുമൊക്കെ ചിത്രത്തിൽ മിന്നിമറയുന്നു. രാഷ്‌ട്രീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഓണിയൻ ഹൈസ്‌കൂൾ, ഈങ്ങയിൽപ്പീടിക വായനശാല, മാഹി കോളേജ്, ബാല്യകാല സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹപ്രവർത്തകരുടെയും ഓർമകൾ എന്നിവയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റേതാണ് ആമുഖ ഭാഷണം. സീതാറാം യെച്ചൂരി, ടി പത്മനാഭൻ, പ്രകാശ് കാരാട്ട്, എം വി ഗോവിന്ദൻ, എ കെ ആന്റണി, എ എൻ ഷംസീർ, പി കെ കുഞ്ഞാലിക്കുട്ടി, പന്ന്യൻ രവീന്ദ്രൻ, സുഭാഷിണി അലി, പി കെ കൃഷ്‌ണദാസ്, ശാരദ ടീച്ചർ തുടങ്ങി നിരവധിപ്പേർ കോടിയേരിയുമൊത്തുള്ള അനുഭവം പങ്കിടുന്നു. ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ, മക്കളായ ബിനോയ്, ബിനീഷ്, മരുമക്കളായ അഖില, റനീറ്റ എന്നിവരും പ്രിയപ്പെട്ടവനെ വാക്കുകളിലൂടെ വരച്ചിടുന്നു. വിനോദിനി ബാലകൃഷ്‌ണൻ നിർമിച്ച ചിത്രത്തിന്റെ സഹസംവിധായകൻ ശ്രീകുമാർ എരുവട്ടിയാണ്. കോടിയേരിയുടെ രണ്ടാംചരമ വാർഷികദിനമായ ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ കൈരളി ടിവിയും രണ്ടിന് പകൽ 2.30 മുതൽ മുതൽ 4.30 വരെ കൈരളി ന്യൂസും ഡോക്യുമെന്ററി സംപ്രേഷണംചെയ്യും. Read on deshabhimani.com