ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു



ഹരിപ്പാട് മകന്റെ വീട്ടിൽ കഴിഞ്ഞ വയോധികയെ വീടിനുള്ളിൽ കടന്ന തെരവുനായക്കൂട്ടം കടിച്ചുകീറി കൊന്നു. ആറാട്ടുപുഴ പഞ്ചായത്ത് ആറാം വാർഡിൽ ചൊവ്വ ഉച്ചയോടെയാണ്‌  സംഭവം. തകഴി അഞ്ചാം വാർഡിൽ അരയൻചിറയിൽ കാർത്യായനി (81) ആണ് മരിച്ചത്‌. മകൻ അഴീക്കോടൻ നഗർ ചെമ്പിശേരിൽ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു വയോധിക. ശരീരമാസകലം കടിച്ചുകീറി  മുഖംപോലും തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. കണ്ണുകൾ നഷ്ടപ്പെട്ടിരുന്നു. ശരീരഭാഗങ്ങളിൽ നിന്ന്‌ മാംസം നഷ്ടപ്പെട്ടിരുന്നു. പകൽ മൂന്നോടെ പ്രകാശൻ വീട്ടിലെത്തിയപ്പോഴാണ്‌ സംഭവം കണ്ടത്‌. ശരീരമാകെ മുറിവേറ്റ്‌ രക്തംവാർന്ന്‌  മൃതപ്രായ അവസ്ഥയിൽ വീടിനു പുറത്ത്‌ കട്ടിലിൽ കിടക്കുകയായിരുന്നു. ശരീരത്തിന്റ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. നേരിയ അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ  വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പ്രകാശനും ഭാര്യ ജൂലിയും രാവിലെ കായംകുളത്ത് ആശുപത്രിയിൽ പോയിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഒന്നര മാസത്തോളമായി കാർത്യായനി ഇവിടെ എത്തിയിട്ട്‌.  വീടിനു വെളിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു കാർത്യായനി.  ഗേറ്റ്‌ പൂട്ടിയിരിക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തെ വേലിയ്‌ക്കിടയിലൂടെയാണ്‌ നായകൾ അകത്തുകടന്നത്‌. വീട്ടുമുറ്റത്ത്‌ കെട്ടിയിട്ടിരുന്ന വളർത്തുനായയെ തെരവുനായക്കൂട്ടം ആക്രമിക്കുന്നത്‌ തടയാൻ ശ്രമിക്കുന്നതിനിടെയാണ്‌  വയോധികയെ ആക്രമിച്ചത്‌.  ഭർത്താവ്‌: പരേതനായ ശ്രീധരൻ. മറ്റുമക്കൾ:  സുകുമാരൻ, നന്ദഗോപൻ, പങ്കജാക്ഷൻ, സന്തോഷ്‌.  മരുമക്കൾ: പൊന്നമ്മ, തങ്കച്ചി, ദീപ, അജിത, കൊച്ചുമോൾ. പോസ്‌റ്റുമോർട്ടത്തിനു ശേഷം മൃതദേഹം തകഴിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. Read on deshabhimani.com

Related News