'ഒമ്പതാംദിവസം വ്യവസായ അനുമതി, കേരളം അതിശയിപ്പിച്ചു' : ഭാരത് ബയോടെക്‌ സിഎംഡി ഡോ. കൃഷ്ണ എം എല്ല



തിരുവനന്തപുരം ‘‘വ്യവസായത്തിനായി കേരളം തെരഞ്ഞെടുക്കരുതെന്നും ഇവിടത്തെ സാഹചര്യം ഓഹരിവിപണിക്ക്‌ സമാനമാണെന്നുമാണ്‌ സഹപ്രവർത്തകർ പറഞ്ഞത്‌. പക്ഷേ അനുഭവത്തിൽനിന്ന്‌ പറയട്ടെ, കേരള സർക്കാർ വലിയ മാറ്റമാണ്‌  കൊണ്ടുവന്നത്‌. കേരളം വ്യവസായങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്‌’’– ആഗോള ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ ഭാരത് ബയോടെക്‌ സിഎംഡി ഡോ. കൃഷ്ണ എം എല്ലയുടേതാണ്‌ ഈ വാക്കുകൾ. വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച ബയോകണക്ട് കോൺക്ലേവിലായിരുന്നു പ്രതികരണം. കൊച്ചിയിൽ ഒരു സുപ്രധാന പദ്ധതി തുടങ്ങാൻ കെഎസ്‌ഐഡിസി മുഖേന അപേക്ഷിച്ച്‌ ഒമ്പതാംദിവസം അനുമതിയായി. അഞ്ചുദിവസത്തിനുള്ളിൽ പണമടച്ചു. അനുബന്ധ നടപടികൾ നടക്കുന്നു. -എന്നിട്ടും കേരളത്തെപ്പറ്റി രാജ്യത്ത്‌ വ്യാജപ്രചാരണമാണ്‌ നടത്തുന്നത്‌'– അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ഭക്ഷ്യസംസ്‌കരണ മേഖലയിലെ പദ്ധതിയാണ്‌ അങ്കമാലിയിലേക്ക്‌ മാറ്റാൻ അദ്ദേഹം തീരുമാനിച്ചത്‌. മന്ത്രി പി രാജീവുമായി ചെന്നൈയിൽ നടന്ന കൂടിക്കാഴ്ച കേരളത്തിലേക്ക്‌ എത്താൻ വഴിതുറന്നു.  ഏതുഗ്രാമത്തിലും വ്യവസായ യൂണിറ്റ് സ്ഥാപിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.  കോവിഡ്‌ പ്രതിരോധ വാക്‌സിനായ കോവാക്‌സിൻ, ഇൻകോവാക്‌ അടക്കമുള്ളവ വികസിപ്പിച്ചത്‌ ഭാരത്‌ ബയോടെക് ഫാർമസ്യൂട്ടിക്കലാണ്‌. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി രാജ്യം ഡോ. എല്ലയെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News