‘‘കരഞ്ഞുകൊണ്ടുപോയ 
ഞാൻ ചിരിച്ചുമടങ്ങി’’ ; ഡോ. എം എസ് വല്യത്താനെ കലാദേവി ഓർക്കുന്നു

കലാദേവിയും ഭർത്താവ് പരമേശ്വരൻ നമ്പൂതിരിയും


മാവേലിക്കര ഹൃദയത്തിന്റെ വാൽവിന്‌ ഗുരുതരമായ തകരാർ കണ്ടെത്തിയതിനെത്തുടർന്ന്‌ കടുത്ത ആശങ്കയുമായാണ്‌ കലാദേവി ഡോ. എം എസ്‌ വല്യത്താന്റെ അടുക്കൽ ചികിത്സയ്‌ക്കായി ചെല്ലുന്നത്‌. ഡോക്‌ടറുടെ വിദഗ്‌ധകരങ്ങൾ നൽകിയത്‌ അക്ഷരാർഥത്തിൽ പുനർജന്മം. കരഞ്ഞുകൊണ്ടുപോയ താൻ ചിരിച്ചുമടങ്ങിയെന്ന്‌ കലാദേവിയുടെ സാക്ഷ്യം. ചെറുപ്പം മുതലേ കിതപ്പും മറ്റ്‌ ശാരീരിക അസ്വസ്ഥതകളും കലാദേവിയെ അലട്ടിയിരുന്നു. 37 വർഷം മുമ്പ്‌ 16–-ാം വയസിലാണ്‌ ഹൃദയവാൽവിന്‌ തകരാറ്‌ കണ്ടെത്തുന്നത്‌. തുടർന്ന്‌ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ തേടി. അവിടെ ഡോ. എം എസ്‌ വല്യത്താനുണ്ടായിരുന്നു. അതീവ സങ്കീർണമായ അസുഖമായിരുന്നു. ജീവൻ തിരിച്ചുകിട്ടുമെന്ന് തന്നെ ഉറപ്പില്ലാത്ത അവസ്ഥ. എന്നാൽ ഡോ. എം എസ് വല്യത്താൻ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ജീവിതത്തിലിതുവരെ പിന്നീട് ബുദ്ധിമുട്ട് തോന്നിയിട്ടില്ല. 1994 ൽ വിവാഹം കഴിച്ചു. രണ്ട്‌ മക്കളുണ്ട്. മാവേലിക്കര വിനോദ് വിഹാറിൽ എ എസ് പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യയാണ് കലാദേവി. പരേതരായ ഈശ്വരൻ നമ്പൂതിരിയുടെയും ദ്രൗപതി അന്തർജനത്തിന്റെയും മകളാണ്. ‘‘എനിക്ക് ജീവൻ തിരിച്ചു തന്നത്‌ ഡോ. വല്യത്താനാണ്‌ . ആ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അദ്ദേഹത്തെ മറക്കാനാവില്ല. ഒരിക്കൽ മാവേലിക്കര ഉത്സവമഠത്തിലെത്തിയപ്പോൾ ഡോക്‌ടറെ കണ്ടിരുന്നു. അതീവ ദുഃഖകരമാണ്‌ അദ്ദേഹത്തിന്റെ വേർപാട്‌.’’ കലാദേവി പറഞ്ഞു.   Read on deshabhimani.com

Related News