മാലിന്യം പവറാകും ; രമ്യ നീലഞ്ചേരിയുടെ കണ്ടുപിടിത്തത്തിന് പേറ്റന്റ്
പേരാവൂർ മാലിന്യത്തിൽനിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലഞ്ചേരി. ഭുവനേശ്വർ ഐഐടി അസോസിയറ്റ് പ്രൊഫസറായ രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. ജൈവവസ്തുക്കളും പ്ലാസ്റ്റിക്കുമടങ്ങിയ മാലിന്യത്തിൽനിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സമാനമായ ഇന്ധനം നിർമിക്കാൻ കഴിയുന്ന മൈക്രോവേവ് പൈറോളിസിസ് റിയാക്ടറാണ് വികസിപ്പിച്ചത്. ഹരിതവും സുസ്ഥിരവുമായ മാലിന്യ സംസ്‌കരണമെന്ന ആശയത്തിലൂന്നി ബയോചാർ, ബയോ ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. സൗരോർജത്തിലാണ് പ്രവർത്തനം. അന്തിമ ഉൽപ്പന്നങ്ങളായ ബയോചാർ, ബയോ-ഓയിൽ എന്നിവയ്ക്ക് ആരോഗ്യ സംരക്ഷണം മുതൽ കൃഷി, വ്യവസായം, ഗതാഗതം തുടങ്ങിയ അനേകം മേഖലകളിൽ സാധ്യതകളുണ്ട്. ബയോ ചാർ കൽക്കരിക്കും, ബയോ-ഓയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും പകരമായി പ്രവർത്തിക്കും. പരമ്പരാഗത മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മലിനീകരണത്തിൽ ഗണ്യമായ വരുമാനം ഉണ്ടാക്കാം. കേരള കാർഷിക സർവകലാശാലയിൽനിന്ന് ബിടെക്കും ചെന്നൈ ഐഐടിയിൽനിന്ന് എംടെക്കും നേടിയ രമ്യ ജർമനി ആർഡബ്ല്യുടിഎച്ചിൽ എം ടെക് പ്രോജക്ടും എൻവയൺമെന്റിൽ എൻജിനിയറിങ്ങിൽ എൻവൈസിയു തായ്‌വാനിൽനിന്ന് പി എച്ച്‌ഡിയും നേടി. കോഴിക്കോട് എൻഐടിയിലും ജോലി ചെയ്തു. പരേതനായ മാധവവാര്യരുടെയും ഓമനയുടെയും മകളാണ്. ഭർത്താവ് ഡോ. മാധവ്കുമാർ മദ്രാസ് ഐഐടിയിൽ പ്രൊഫസറാണ്. ഹർഷിത, അവന്തിക എന്നിവർ മക്കൾ. സഹോദരൻ: സന്ദീപ് കൊട്ടിയൂർ. Read on deshabhimani.com