യുഡിഎഫ് എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും : വി ശിവദാസൻ എം പി
യുഡിഎഫ് എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തുന്നത് അസത്യ വാർത്തകൾ കൊടുക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് ഡോ.വി ശിവദാസൻ എം പി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേർത്ത എം പി മാരുടെ യോഗത്തെ കുറിച്ച് മനോരമ പത്രം നൽകിയ വളച്ചൊടിച്ച വാർത്തയെ കുറിച്ച് എഫ് ബിയിലാണ് വി ശിവദാസൻ എം പി പ്രതികരിച്ചത്. മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് ജോൺബ്രിട്ടാസ് എംപി മറുപടി നൽകിയെന്നും അതിനെ യുഡിഎഫ് എംപിമാർ ചോദ്യം ചെയ്‌തു എന്നുമാണ് മനോരമ വാർത്ത നൽകിയത്. വാർത്ത നൽകുമ്പോൾ അതിന്റെ നിജസ്‌ഥിതി അന്വേഷിക്കുന്നത് നല്ലതാണെന്നും എം പി പറഞ്ഞു. പോസ്‌റ്റ് ചുവടെ യുഡിഎഫ് എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തിയാലും! ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ സമ്മേളനത്തെ കുറിച്ച് തീർത്തും വികലമായ ഒരു വാർത്ത ഇന്നത്തെ മനോരമയിൽ വന്നിട്ടുണ്ട്. തങ്ങൾക്ക് സൗകര്യപ്രദമല്ലാത്ത വസ്‌തുതകൾ ഒഴിവാക്കി വക്രീകരിച്ച് യുഡിഎഫ്‌പക്ഷ എംപി ലേഖകനായി സമ്മാനിച്ചതാണ് വാർത്തയെന്ന പേരിൽ മനോരമ നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി എംപിമാരെ വിശ്വാസത്തിൽ എടുക്കണം, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ കാണാൻ പോകുമ്പോൾ എംപിമാരെ കൂടെകൂട്ടണം, കെ റെയിൽ പദ്ധതി നടപ്പിലാക്കരുത്, മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് ജോൺബ്രിട്ടാസ് എംപി മറുപടി നൽകി –- തുടങ്ങിയ വ്യാഖ്യാനങ്ങളാണ് വാർത്തയിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ശമ്പളമൊന്നും പറ്റാതെ യുഡിഎഫ് എംപി നൽകുന്ന സേവനമാണെങ്കിലും വാർത്ത നൽകുമ്പോൾ, അതിന്റെ നിജസ്ഥിതി എന്തെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ഏതൊരു മാധ്യമത്തിനുമുണ്ട്. യോഗത്തിൽ മുഖ്യമന്ത്രിയെയും എംപിമാരെയും കൂടാതെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിങ്ങനെ ഒരുപാട് പേർ പങ്കെടുത്തിട്ടുള്ളതിനാൽ കൈയ്യിൽ കിട്ടുള്ള വാർത്തയുടെ യാഥാർഥ്യം എന്താണെന്ന് കണ്ടെത്താൻ ഏതൊരു മാധ്യമപ്രവർത്തകനും എളുപ്പമുണ്ട്. ഒരോ ഇനവും തരംതിരിച്ചാണ് എംപി സമ്മേളനത്തിൽ ചർച്ച നടത്തിയത്. എംപിമാരെ വിശ്വാസത്തിൽ എടുക്കണമെന്നും അവരെ കേന്ദ്രവുമായുള്ള കൂടിക്കാഴ്‌ച്ചകളിൽ കൂടെ കൂട്ടണമെന്നും ഒരു കോൺഗ്രസ് എംപി ആവശ്യപ്പെട്ടുവെന്നത് ശരിയാണ്. എന്നാൽ, അതിന്റെ മറുവശം എന്താണെന്ന കാര്യം മനോരമ ബോധപൂർവ്വം വിട്ടുകളഞ്ഞു. എംപിമാരെ വിശ്വാസത്തിൽ എടുക്കുന്നതിന്റെ ഭാഗമായാണ് ഈ സമ്മേളനമെന്നും അവരെ എല്ലാകാര്യങ്ങളിലും ഉൾകൊള്ളിച്ച് കൊണ്ടുതന്നെ മുന്നോട്ടുപോകണമെന്നാണ് ഈ സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ, തുടർച്ചയായി ഏതാനും യുഡിഎഫ് എംപിമാർ ഈ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചപ്പോൾ മന്ത്രിമാരായ പി രാജീവും കെ എൻ ബാലഗോപാലും ഉചിതമായ പ്രതികരണം നടത്തി. 'ഞങ്ങളും എംപിമാരായി പ്രവർത്തിച്ചിട്ടുള്ളവരാണ്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണാൻ പോകുന്ന അവസരങ്ങളിൽ അന്നത്തെ മുഖ്യമന്ത്രിമാർ ഞങ്ങളെ ആരെയും കൂടെകൂട്ടിയിട്ടില്ല’ എന്നായിരുന്നു അവരുടെ പ്രതികരണം. ഇതോടെ, യുഡിഎഫ് എംപിമാർ പൂർണമായും പിൻവലിഞ്ഞു. കെ റെയിൽ പദ്ധതി യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്ന വിഷയമല്ല. എന്നിട്ടും ഒരു കോൺഗ്രസ് എംപി ഈ വിഷയം ഉന്നയിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് കാര്യപരിപാടികളിലേക്ക് യോഗം കടന്ന അവസരത്തിലായിരുന്നു ഈ ഇടപെടലുണ്ടായത്. കെ റെയിൽ വൻ ദുരന്തത്തിന് വഴിവെക്കും, ശബരി റെയിൽപ്പാത പോലെയുള്ള പദ്ധതികൾക്ക് സംസ്ഥാനസർക്കാർ വേണ്ട സഹകരണം നൽകുന്നില്ല–- തുടങ്ങിയ ധാരണകളാണ് തനിക്ക് റെയിൽവേ മന്ത്രിയിൽ നിന്നും ലഭിച്ചതെന്ന് ഈ എംപി അവകാശപ്പെട്ടു ( കഴിഞ്ഞ സമ്മേളനത്തിൽ കെ റെയിൽ ഉന്നയിച്ച് എന്തൊക്കയോ ബഹളം വെച്ച് യോഗത്തിൽ നിന്നും ഇറങ്ങിപോയ ഉടൻ ചാനലുകളിൽ ബ്രേക്കിങ്ങ് ന്യൂസ് നൽകിയ വാർത്താവിദഗ്‌ധനാണ് ഇദ്ദേഹം).ഒരു ഇനം ചർച്ചയ്‌ക്ക് എടുത്താൽ എല്ലാവർക്കും അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ കേട്ടശേഷമാണ് മുഖ്യമന്ത്രി ആ വിഷയത്തോടുള്ള പ്രതികരണം നടത്താറുള്ളത്. കെ റെയിൽ, ശബരിപ്പാത വിഷയങ്ങൾ ഉന്നയിച്ച് ചർച്ചയ്‌ക്ക് തുടക്കം കുറിച്ച ഉടൻ ഭരണപക്ഷത്തെ എംപിയായ ജോൺബ്രിട്ടാസ് തന്റെ അഭിപ്രായം രേഖപ്പെടുത്തി. ഹൈസ്‌പീഡ് റെയിൽവേയ്‌ക്ക് വേണ്ടി ചിലർ വാദിച്ചിരുന്നത് പോലെ തനിക്ക് സെമി ഹൈസ്‌പീഡ് റെയിൽവേ വേണമെന്നുള്ള അഭിപ്രായമാണ് ഉള്ളത്. അത് പരിഗണിക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കണം. ശബരിപാത സംബന്ധിച്ച് റെയിൽവേ മന്ത്രി ധരിപ്പിച്ചെന്ന പേരിൽ ഈ യോഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും വ്യത്യസ്‌തമായ വിവരങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും ജോൺബ്രിട്ടാസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം മുമ്പ് പ്രഖ്യാപിച്ച വൻകിട പദ്ധതികളിൽ നിന്നും പിൻമാറാനാണ് റെയിൽവേ ഇപ്പോൾ ശ്രമിക്കുന്നതെന്ന ധാരണയാണ് റെയിൽവേ മന്ത്രിയിൽ നിന്നും തനിക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ തന്നെ ചർച്ചയിൽ ഇടപെട്ട കോൺഗ്രസ് എംപി ‘മുഖ്യമന്ത്രി മറുപടി പറയട്ടെ..’– എന്ന് പ്രതികരിച്ചു. എംപിയെന്ന നിലയിൽ ഈ സമ്മേളനത്തിൽ തങ്ങളുടെ പക്കലുള്ള വിവരങ്ങളും അഭിപ്രായങ്ങളും പങ്കിടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അത് തടസപ്പെടുത്താൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജോൺബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. ഇതാണ് മനോരമ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വാർത്തയെന്ന പേരിൽ നൽകിയത്. യോഗത്തിന്റെ കാര്യപരിപാടിയിലെ ഒരോ വിഷയവും സമഗ്രമായി ചർച്ച ചെയ്‌ത് അതിന്റെ അവസാനം മുഖ്യമന്ത്രി പ്രതികരിച്ച് രണ്ട് മണിക്കൂറോളം പ്രധാന വിഷയങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് എംപിമാരുടെ സമ്മേളനം സമാപിച്ചത്. കാര്യപരിപാടിക്ക് പുറത്തുള്ള വിഷയങ്ങൾ പോലും ഉന്നയിക്കാൻ യോഗത്തിൽ അനുവദിച്ചിരുന്നു. ഇത്ര സുഗമമായി നടന്ന ഒരു യോഗത്തെയാണ് വക്രീകരിച്ച് മനോരമ വാർത്തയാക്കിയിട്ടുള്ളത്. ഇത്തരം മാധ്യമപ്രവർത്തന ശൈലി തിരുത്താൻ അവർക്ക് ഇനിയും സമയവും സാവകാശവുമുണ്ട്. ഇനിയെങ്കിലും യുഡിഎഫ് എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തണം. Read on deshabhimani.com