ദക്ഷിണറെയിൽവേയിൽ ഡിആർഇയുവിന് അംഗീകാരം
തിരുവനന്തപുരം> ദക്ഷിണറെയിൽവേയിലും രാജ്യത്തെ മറ്റ് റെയിൽവേ സോണുകളിലും ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ സിഐടിയു നേതൃത്വത്തിലുള്ള ദക്ഷിണറെയിൽവേ എംപ്ലോയീസ് യൂണിയന് (ഡിആർഇയു) വിജയം. ദക്ഷിണറെയിൽവേയിൽ നടന്ന ഹിതപരിശോധനയിൽ 38.17 ശതമാനം വോട്ടുനേടിയാണ് യൂണിയൻ വിജയിച്ചത്. 2013 ൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്ന എസ്‌ആർഎംയുവിന് ഇത്തവണ 38.35 ശതമാനം വോട്ടുനേടാൻ മാത്രമാണ് കഴിഞ്ഞത്. ആദ്യമായി ഹിതപരിശോധന നടന്ന 2007 ൽ 30.33 ശതമാനം നേടി ഡിആർഇയു അംഗീകാരം നേടിയിരുന്നു. എന്നാൽ 2013 ൽ 25.5 ശതമാനം വോട്ടുനേടാനെ കഴിഞ്ഞുള്ളൂ. സോൺ അടിസ്ഥാനത്തിൽ 30 ശതമാനം വോട്ടാണ് ട്രേഡ് യൂണിയൻ അംഗീകാരം ലഭിക്കാനായി വേണ്ടത്. ഇതുപ്രകാരം ഡിആർഇയു, എസ്‌ആർഎംയു എന്നീ യൂണിയനുകൾക്ക് അംഗീകാരം ലഭിച്ചു. അഞ്ചുയൂണിയനുകളാണ് മത്സരിച്ചത്. ബിഎംഎസ് ആഭിമുഖ്യത്തിലുള്ള സംഘടനയ്‌ക്ക് 1500 ൽ താഴെയായിരുന്നു വോട്ട്. എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ, എഐജിസി,എഐഎഎസ്‌എ,എസ്‌ആർഇഎ എന്നീ സംഘടനകളും വോട്ടെടുപ്പിൽ ഡിആർഇയുവിനെ പിന്തുണച്ചിരുന്നു. ഡിആർഇയുവിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് തിരുവനന്തപുരം ഡിവിഷനിൽനിന്നാണ്. പാലക്കാട് ഡിവിഷനിൽ മൂവായിരത്തിൽ അധികം വോട്ടുംനേടാനായി. അംഗീകൃത യൂണിയനായി മാറ്റാൻ ഡിആർഇയുവിന് വോട്ടുചെയ്ത ജീവനക്കാരെ ജനറൽസെക്രട്ടറി വി ഹരിലാൽ അഭിവാദ്യം ചെയ്‌തു. Read on deshabhimani.com