വെന്തുരുകി പാലക്കാട്



പാലക്കാട് > കൊടുംവേനലിന്റെ വരവറിയിച്ച് പാലക്കാട് വെന്തുരുകുന്നു. മുണ്ടൂര്‍ ഐആര്‍ടിസിയില്‍ രേഖപ്പെടുത്തിയ കണക്കുപ്രകാരം ചൊവ്വാഴ്ച 38 ഡിഗ്രിയാണ് ചൂട്. മലമ്പുഴയില്‍ 35.8 ഉം പട്ടാമ്പിയില്‍ 37.5 ഉം രേഖപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലേതിലും കൂടുതലാണ് ഇത്തവണത്തെ ചൂട്. 2016ലെ കൊടുംവേനലില്‍ ജില്ലയില്‍ ചൂട് 41.9 ഡിഗ്രിവരെയെത്തി. ഏപ്രില്‍ 26ന് മലമ്പുഴയിലായിരുന്നു ഇത്. സൂര്യതാപമേറ്റ് അന്ന് മരണവും സംഭവിച്ചു. നൂറുകണക്കിനുപേര്‍ക്ക് പൊള്ളലേറ്റു. 2010ലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്. 42 ഡിഗ്രി. അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് ഉയര്‍ന്നതോടെയാണ് ചൂട് അസഹനീയമായത്. രാത്രിയും കടുത്ത ചൂട് അനുഭവപ്പെടുന്നു.  പുറംജോലി ചെയ്യുന്നവര്‍ സമയം ക്രമപ്പെടുത്തിയെങ്കിലേ സൂര്യതാപത്തില്‍നിന്ന് രക്ഷനേടാനാവൂ. സംസ്ഥാനത്ത് ആകെ താപനിലയില്‍ ഒരു ഡിഗ്രി കൂടിയതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കി.   ജില്ലയിലെ  കുളങ്ങളും പുഴകളും കിണറുകളും വറ്റി. കുടിവെള്ളത്തിനായി നാടുനീളെ ജനം കുടങ്ങളുമായി കാത്തിരിക്കുന്നു. കിഴക്കന്‍മേഖലയില്‍ വെള്ളംതേടി കിലോമീറ്ററുകള്‍ അലയണം. ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളെല്ലാം നിലയ്ക്കുന്ന അവസ്ഥയാണ്. മലമ്പുഴയില്‍നിന്ന് കഴിഞ്ഞദിവസം ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നുവിട്ടു. ഇനി മലമ്പുഴയില്‍ നിന്ന് വെള്ളം കൊടുക്കാനാവാത്ത അവസ്ഥയാണ്. 226 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ 34.8379 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളൂ. മൂന്നുമാസം മുഴുവന്‍ പാലക്കാട് നഗരസഭയിലും പരിസരത്തെ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടും.  രൂക്ഷമായ ജലക്ഷാമം കാര്‍ഷിക മേഖലയേയും സാരമായി ബാധിച്ചു. അണക്കെട്ടുകളില്‍നിന്ന് കൃഷിയാവശ്യത്തിന് വെള്ളം കൊടുക്കുന്നത് നിര്‍ത്തി. പലരും കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം അണക്കെട്ടുള്ള പാലക്കാട് ജില്ലയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുന്നു. അട്ടപ്പാടിയുള്‍പ്പെടെ മലയോരമേഖലയില്‍ മൃഗങ്ങള്‍ ചൂട് സഹിക്കാനാവാതെ കുഴഞ്ഞുവീഴുന്നതും പതിവായി. ജലക്ഷാമം രൂക്ഷമായാല്‍ കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാവും. അവസാനതുള്ളിയും ഊറ്റി പെപ് സി വി ജയിന്‍ പാലക്കാട് > ഒരിക്കലും വറ്റാത്ത 'തീരാത്തേരി'യും വറ്റി. പഴയകാലം എത്ര പരതിയിട്ടും രാധാകൃഷ്ണനും സുബ്രഹ്മണ്യനും ഇങ്ങനെയൊരു വരള്‍ച്ച ഓര്‍മയില്ല. തങ്ങളുടെ കൃഷിയിടങ്ങളില്‍ എന്നും നനവേറ്റിയ 'തീരാത്തേരി' വറ്റിയത് അവിശ്വസനീയമാണ് ഇവര്‍ക്ക്. എലപ്പുള്ളി പഞ്ചായത്തിലെ പ്രധാന ഏരികളിലൊന്നാണ് (കുളത്തേക്കാള്‍ കുറേക്കൂടി വലിയ ജലസംഭരണി) തീരാത്തേരി. ലോകത്തെ വലിയ ജലചൂഷണ കോര്‍പറേറ്റ് കമ്പനിയായ പെപ്സി പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ഗ്രാമീണ ജലാശയങ്ങള്‍ വറ്റിത്തുടങ്ങിയത്. പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിലെ നിരവധി കുളങ്ങളാണ് ഇതിനെത്തുടര്‍ന്ന് വരണ്ടത്. നൂറിലേറെ കിണറും വറ്റി. കുഴല്‍ക്കിണറുകളിലും വെള്ളം കിട്ടാതായി. പി കെ ചള്ള, എടുപ്പുകുളം, ചുള്ളിമട പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാതെ ജനം വലയുകയാണ്. കുഴല്‍ക്കിണറുകള്‍ 600 അടിവരെ താഴ്ത്തിയിട്ടും വെള്ളമില്ല. 1,000 അടി താഴ്ത്തിയാണ് പെപ്സിക്കാരുടെ ജലചൂഷണം. പുതുശേരി പഞ്ചായത്തിന്റെ വിലക്ക് ലംഘിച്ചാണ് പെപ്സി കമ്പനി ജലമൂറ്റല്‍ തുടര്‍ന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ പെപ്സി കമ്പനിയോട് ഭൂഗര്‍ഭജലമൂറ്റുന്നത് നിര്‍ത്താന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും കോടതിവിധിയുടെ പേരില്‍ അംഗീകരിച്ചിട്ടില്ല. Read on deshabhimani.com

Related News