സ്വപ്‌നങ്ങൾ തളിർക്കും, ഈ മണ്ണിലൂടെ ; സാന്ദ്രയും കുടുംബവും കൈമാറിയത്‌ 21 സെന്റ്‌ ഭൂമി



പാലാ ‘‘എല്ലാം നഷ്ടപ്പെട്ടവരുടെ കൈപിടിക്കാൻ ചെറുതായെങ്കിലും പറ്റുമല്ലോ. അതിനാണ്‌ ഈ ഭൂമി ദാനം’’–- പാലാ വെള്ളഞ്ചൂർ ചാത്തംകുളം വീട്ടിൽ സാന്ദ്രയുടെ വാക്കുകൾ വയനാട് ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഏറ്റെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരിലും ആത്മവിശ്വാസം വർധിപ്പിച്ചു. ഡിവൈഎഫ്ഐ നടപ്പാക്കുന്ന ഭവനപദ്ധതിയിലേക്ക്‌ 21 സെന്റ്‌ ഭൂമിയാണ്‌ സാന്ദ്രയും കുടുംബവും കൈമാറിയത്‌. ‘‘സ്ഥലം വിറ്റുകിട്ടുന്ന പണം ഭവനപദ്ധതിക്ക്‌ ഉപയോഗിക്കാം. വയനാട്ടിലെ ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ സ്ഥലത്ത്‌ രണ്ടു പേർക്കെങ്കിലും വീടൊരുക്കാമെന്നായിരുന്നു ആദ്യം കരുതിയത്‌. എന്നാൽ ഉറ്റവരുടെ ഓർമകളുള്ള മണ്ണിൽ തന്നെ സർക്കാരും സന്നദ്ധ സംഘടനകളും ചേർന്ന്‌ വീടൊരുക്കുമെന്ന്‌ അറിഞ്ഞതോടെ സഹായം നൽകാമെന്ന്‌ തീരുമാനിച്ചു’’–- ഡിവൈഎഫ്‌ഐ നേതാക്കളോട്‌ സാന്ദ്ര പറഞ്ഞു.    ‘നമ്മൾ വയനാട്’ പദ്ധതിയിലൂടെ 25 വീട്‌ നിർമിക്കുമെന്നാണ്‌ ഡിവൈഎഫ്‌ഐ പ്രഖ്യാപനം.  വാർത്ത ശ്രദ്ധയിൽപെട്ട സാന്ദ്ര ഭൂമി കൈമാറാനുള്ള തീരുമാനം പാലാ ബ്ലോക്ക്  ഭാരവാഹികളെ അറിയിച്ചു. സാന്ദ്രയുടെയും അമ്മ ബീന, അനിയത്തി സാനിയ എന്നിവരുടെ പേരിൽ തൊടുപുഴ മുട്ടത്തുള്ള ഭൂമിയാണ്‌ വിൽക്കുക. ഇടമറ്റം ബികെടിഎം എൻഎസ്‌എസ്‌ ടിടിഐയിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ്‌ സാന്ദ്ര. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി തോമസ്, ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബി മഹേഷ്‌ ചന്ദ്രൻ, സെക്രട്ടറി ബി സുരേഷ്‌കുമാർ, പാലാ ബ്ലോക്ക് ഭാരവാഹികളായ കെ എസ് അജിത്, അഡ്വ. എൻ ആർ വിഷ്ണു എന്നിവർക്ക് സാന്ദ്രയും വല്യമ്മ മേരിയും ചേർന്ന് ഭൂമിയുടെ രേഖ കൈമാറി. Read on deshabhimani.com

Related News