ഡിവൈഎഫ്ഐ ആശുപത്രിയിലേക്ക് ഭക്ഷണം കൊടുക്കുന്നു, ഇതൊരു നല്ല കാര്യമായി തോന്നി... വൈറലായി മൂന്നാംക്ലാസുകാരന്റെ കുറിപ്പ്

അകിരതിന്റെ ഡയറിക്കുറിപ്പ്


പാലക്കാട് > 'ആശുപത്രിയിലെ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുക്കുന്നു, ഇതൊരു നല്ല കാര്യമായി എനിക്ക് തോന്നി'- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെക്കുറിച്ചുള്ള മൂന്നാം ക്ലാസുകാരന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെർപ്പുളശേരി കരുമാനാംകുറുശി എയുപി സ്‌കൂളിലെ മൂന്നാം ക്ലാസുകാരൻ അകിരത്‌ കൃഷ്‌ണനാണ് ഡയറിയിൽ ഹൃദയപൂർവം പദ്ധതിയെപ്പറ്റി കുറിപ്പെഴുതിയത്. ഇതിന് ക്ലാസ് ടീച്ചറായ പ്രതീക്ഷ നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടു. കുട്ടികളെക്കൊണ്ട് ദിവസവും ഡയറി എഴുതിക്കുകയും പരിശോധിക്കുകയും ചെയ്യാറുണ്ട്. ഇതിനിടയിലാണ് അകിരതിന്റെ ഡയറിക്കുറിപ്പ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ‘ഇന്ന്‌ വീട്ടിൽനിന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക്‌ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി ചപ്പാത്തി കൊടുത്തു. എന്തിനാണെന്ന്‌ ഞാൻ വീട്ടിൽ തിരക്കി. എനിക്ക് കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. ഈ ഭക്ഷണം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ളതാണത്രേ. ഇതൊരു നല്ല കാര്യമായി എനിക്ക്‌ തോന്നി'- എന്നാണ് അകിരത് കുറിച്ചത്. 'കഴിഞ്ഞ എട്ടുവർഷമായി ഡിവൈഎഫ്ഐ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തുന്ന ഹൃദയപൂർവം പദ്ധതിയുടെ കീഴിലാണ് പൊതിച്ചോർ വിതരണം ന‍ടക്കുന്നത്. ഒന്നും രണ്ടുമല്ലാട്ടോ, നാലായിരത്തിലധികം പൊതികളാണ്‌ ഒരു ദിവസം വിതരണം ചെയ്യുന്നത്‌. മനസ് നന്നാവട്ടെ. നന്മകൾ' എന്ന്‌ ടീച്ചർ മറുപടിയും എഴുതി നൽകി. ഡയറി ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കുറിപ്പും അകിരതും വൈറലായി. നിരവധി പേരാണ് അകിരതിന്റെ കുറിപ്പ് ഷെയർ ചെയ്‌തത്. Read on deshabhimani.com

Related News