പാലക്കാട് റെയിൽവേ ഡിവിഷൻ അടിച്ചുപൂട്ടാൻ കേന്ദ്രനീക്കം: കേരളത്തോടുള്ള അവഗണനയെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം> പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. നിലവിൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളുരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനും പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ അതിൽ ഉൾപ്പെടുത്താനുമാണ് റെയിൽവേയുടെ നീക്കം. ഇത് ഫലത്തിൽ പാലക്കാട് ഡിവിഷൻ അടച്ചു പൂട്ടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടർച്ചയുമാണ്. കേരളത്തിലെ റെയിൽവേ വികസനത്തോടും ട്രെയിൻ യാത്ര സൗകര്യത്തോടും കാലങ്ങളായി മുഖം തിരിക്കുന്ന റെയിൽവേയുടെ കടുത്ത അവഗണനയുടെ മറ്റൊരു രൂപമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള ശ്രമത്തിലൂടെ നടക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. Read on deshabhimani.com