"അവർ കൊടും ക്രിമിനലുകൾ'; ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡിവൈഎഫ്‌ഐ
പത്തനംതിട്ട > സമൂഹമാധ്യമങ്ങളിലൂടെയുള്ള സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐയുടെ ഏതെങ്കിലും ഘടകത്തിന്റെ ഭാരവാഹികൾ അല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സതീഷ് പറഞ്ഞു. ഇത്തരം സംഘങ്ങൾക്കെതിരെ പേരെടുത്ത് പറഞ്ഞ് കണ്ണൂരിൽ ഡിവൈഎഫ്‌ഐ ജാഥകൾ നടത്തി. അതിന്റെ പ്രതികാരമെന്നോണമാണ് മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരായ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റുകൾ. ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട് ഇത്തരം സംഘങ്ങൾക്ക് എതിരാണ്. സംഘടനയെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ആർഎസ്എസ് ക്രിമിനൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം മനു തോമസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് ഇവർ പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നും മനു തോമസ് പറഞ്ഞു. Read on deshabhimani.com