‘ഇ കൊമ്പൻ’ കാടുകയറ്റും

എച്ച്എസ്എസ് വിഭാഗം വർക്കിങ് മോഡൽ മത്സരത്തിൽ കോഴിക്കോട് 
വട്ടോളി നാഷണൽ എച്ച്‌എസ്‌എസിലെ വി കെ മുക്തയും 
ആർ ബി ദേവാംഗനയും അവതരിപ്പിച്ച ഇ കൊമ്പൻ


ആലപ്പുഴ വന്യജീവികൾ നാട്ടിലിറങ്ങുന്നത് വാർത്തമാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ്‌ ഇതിനെന്തു പോംവഴിയെന്ന്‌ ഈ കൂട്ടുകാരികൾ ചിന്തിച്ചത്‌. അങ്ങനെയാണ്‌ ‘അനിമൽ ഡിറ്റക്ഷൻ’ സംവിധാനം എന്ന ആശയത്തിലേക്ക്‌ ഇവരെത്തിയത്‌. ട്രാക്കിങ് റോവറിന്റെയും എഐ കാമറകളുടെയും സഹായത്തോടെ വന്യജീവി നിരീക്ഷണവും പ്രതിരോധവും സാധ്യമാക്കുന്ന സംവിധാനം രൂപപ്പെടുത്തി. അതിന്‌ ഗാംഭീര്യമുള്ളൊരു പേരും നൽകി  ‘ഇ കൊമ്പൻ’.  വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത്‌ എഐ സാങ്കേതികവിദ്യയും ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ട്രാക്കിങ്‌ റോവറും കൊണ്ട്‌ എങ്ങനെ ഒഴിവാക്കാമെന്ന് അവതരിപ്പിക്കുകയാണ് കോഴിക്കോട് വട്ടോളി നാഷണൽ എച്ച്‌എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥിനികളായ വി കെ മുക്തയും ആർ ബി ദേവാംഗനയും. കാടും നാടും ചേരുന്ന ഭാഗത്ത്‌ മൃഗങ്ങൾ എത്തിയാൽ കാമറാദൃശ്യങ്ങൾ ഫോറസ്‌റ്റ്‌ ഓഫീസിൽ ലഭ്യമാകും. ഇവിടെയും തൊട്ടടുത്ത പൊലീസ്‌ സ്‌റ്റേഷനിലും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശവും ലഭിക്കും. ഇതോടൊപ്പം കാടിനുള്ളിൽ വിന്യസിച്ചിരിക്കുന്ന റോവർ മൃഗങ്ങളുടെ അടുത്തെത്തുകയും അവയുടെ നീക്കങ്ങൾ ട്രാക്ക്‌ ചെയ്യുകയും ചെയ്യും. സൗരോർജത്തിലാണ്‌ റോവർ പ്രവർത്തിക്കുക.  ഫോറസ്‌റ്റ്‌ സ്‌റ്റേഷനിൽനിന്ന്‌ മൊബൈൽഫോൺ ഉപയോഗിച്ച്‌ നിയന്ത്രിക്കാവുന്നതാണ്‌ റോവർ. മൃഗങ്ങളെ ഭയപ്പെടുത്തി കാട്ടിലേക്ക് ഓടിക്കാൻ കഴിയുന്ന ശബ്ദങ്ങളുണ്ടാക്കാനും ഇതിനു കഴിയും. മണ്ണിടിച്ചിൽ, കാട്ടുതീ തുടങ്ങിയവ റോവർ ഉപയോഗിച്ച്‌ കണ്ടെത്താനുമാകും. ഇതിനായി സോഫ്‌റ്റ്‌വെയറും തയ്യാറാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News