ഇ- കെവൈസി മസ്റ്ററിങ് നവംബർ 5 വരെ നീട്ടി: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം > സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിങ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇ- കെവൈസി അപ്‌ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. 16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് 2024 നവംബർ 5 വരെസമയപരിധി നീട്ടിയത്. ഇ-കെവൈസി മസ്റ്ററിങ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻ പന്തിയിൽ നിൽക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി റേഷൻ വ്യാപാരികളുടെ സഹായത്തോടെ നിലവിൽ മസ്റ്ററിങ് നടത്തി വരുന്നുണ്ട്. ഇത് നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂർത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ ക്യാമ്പുകൾ നവംബർ 5ന് ശേഷം സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിങ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് പുതിയ ആധാർ എടുക്കുന്ന പക്ഷം ഇപ്പോൾ തന്നെ റേഷൻകടകൾ വഴി മസ്റ്ററിങ് വിജയകരമായി പൂർത്തീകരിക്കാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് എൻആർകെ സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്തുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനായി ഇവർ നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവർക്കും മസ്റ്ററിങ് ചെയ്യുന്നതിനുള്ള അവസരം നൽകിക്കൊണ്ട് മസ്റ്ററിങ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com