ഇ– സിമ്മിലേക്ക്‌ മാറാൻ 
വിളിവരും , ജാഗ്രതവേണം ; ബാങ്ക്‌ അക്കൗണ്ട്‌ തട്ടിപ്പിന്‌ പുതിയ മാർഗം



തിരുവനന്തപുരം മൊബൈൽ സിം, ഇ-–- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ്‌ കസ്റ്റമർ കെയർ സെന്ററുകളുടെപേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന്‌ പൊലീസ്‌. ഇതിലൂടെ ബാങ്ക്‌ അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന്‌ സാമ്പത്തിക തട്ടിപ്പു നടത്തുകയാണ്‌ അവരുടെ ലക്ഷ്യം.   നിലവിലുള്ള സിം കാർഡ് ഇ–-സിം സംവിധാനത്തിലേക്ക് മാറ്റാൻ മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്കങ്ങളുള്ള ഇ-ഐഡി നൽകി  ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുക. ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-–-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സാപ്പ് നമ്പറിൽ അയച്ചുനൽകാൻ ആവശ്യപ്പെടും. കോഡ് ലഭിക്കുന്നതോടെ തട്ടിപ്പുകാർ ഗുണഭോക്താക്കളുടെ പേരിലുള്ള ഇ-–-സിം ആക്ടിവേറ്റ് ചെയ്യും. അതോടെ ഗുണഭോക്താക്കളുടെ കൈയിലുള്ള സിം പ്രവർത്തനരഹിതമാകും. 24 മണിക്കൂറിനുള്ളിലേ ഇ–--സിം ആക്ടിവേറ്റാകൂ എന്ന്‌  തട്ടിപ്പുകാർ അറിയിക്കും. ഇ സിമ്മിന്റെ നിയന്ത്രണം കിട്ടുന്നതോടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർക്കാകും. വിവിധ സേവനങ്ങൾക്ക്‌ മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യു ആർ കോഡ്, ഒടിപി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും "ടു സ്റ്റെപ് വെരിഫിക്കേഷൻ’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും കേരള പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News