പാൻകാർഡ് പകർപ്പ് ദുരുപയോഗിച്ച് നികുതിവെട്ടിപ്പ് ; കടത്തിയത് 432 ടൺ ഇ–വേസ്റ്റ്
കൊല്ലം ജോലിക്ക് അപേക്ഷിച്ച യുവാവിന്റെ പാൻകാർഡ് പകർപ്പ് കൈവശപ്പെടുത്തി വൻ നികുതി വെട്ടിപ്പ്. നികുതിവെട്ടിച്ച് പട്ടാമ്പി കേന്ദ്രീകരിച്ചുള്ള സംഘം ഡൽഹിയിലേക്ക് കടത്തിയത് 24 ലോഡിലായി 432 ടൺ ഇ വേസ്‌റ്റ്. ആക്രി വിൽക്കാതെ ബില്ലുകളിൽ മാത്രം 23.97 കോടിയുടെ കച്ചവടം നടന്നതായി രേഖയുണ്ടാക്കിയാണ് 3.66 കോടിയുടെ നികുതി വെട്ടിച്ചത്. 1.54 കോടിയുടെ ആക്രിസാധനം വിറ്റതിൽ 23.55 ലക്ഷത്തിന്റെ നികുതി വെട്ടിപ്പും നടന്നു. കഴിഞ്ഞ ചൊവ്വാഴ്ചവരെ മഞ്ചേരിയിലെ ഒരു സ്ഥാപനമുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ 25.52 കോടിയുടെ കച്ചവടം നടന്നായി ജിഎസ്‌ടി അധികൃതർ കണ്ടെത്തി. മഞ്ചേരിയിലെ സ്ഥാപനത്തിന്റെ പേരിൽമാത്രം 14.82 കോടിയുടെ കച്ചവടം നടത്തി. കൊല്ലത്ത് ബോട്ട് സ്പെയർപാർട്സ് കടയിൽ സെയിൽസ് മാനായ കിളികൊല്ലൂർ സുരേഷ് വിലാസത്തിൽ സുമേഷി (29)ന്റെ പാൻകാർഡ് ഉപയോഗിച്ചാണ് സംഘം ഇ– -വേസ്റ്റ് കച്ചവടം നടത്തിയത്. 3.81 കോടി നികുതി അടയ്‌ക്കാനറിയിച്ച് ജിഎസ്ടി വകുപ്പിന്റെ ഫോൺ വന്നപ്പോഴാണ് പാൻകാർഡ് ദുരുപയോഗം സുമേഷ് അറിഞ്ഞത്. വാഹനനിർമാണ കമ്പനിയിൽ ജോലിക്ക് പരസ്യംകണ്ട് സുമേഷ് അപേക്ഷിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതനുസരിച്ച് പാൻകാർഡിന്റെ പകർപ്പ് നൽകിയിരുന്നു. 2023 നവംബറിലാണ് ഇ–- -വേസ്റ്റ് വ്യാപാരത്തിന് ഈ പാൻകാർഡ് ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷൻ തരപ്പെടുത്തിയത്. പല ജില്ലകളിൽനിന്നായി ഇതുപയോഗിച്ച് കച്ചവടം നടത്തിയിട്ടുണ്ട്. പലരുടെയും പാൻകാർഡ്, ആധാർകാർഡ് എന്നിവ കൈക്കലാക്കി വ്യാജ രേഖയുണ്ടാക്കി തിരുവനന്തപുരംമുതൽ കാസർകോടുവരെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത് വ്യാജബിൽ നൽകുന്ന നിരവധി സംഘങ്ങൾ പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ജിഎസ്‌ടി അധികൃതർ പറയുന്നു. സുമേഷിന്റെ പേരിലുള്ള പാൻകാർഡ് ഉപയോഗിച്ച് 15 ടൺ ഇ– -വേസ്റ്റ് കടത്തിയ കണ്ടെയ്‌നർ ലോറി പാലക്കാട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വെള്ളിയാഴ്ച പിടികൂടി. പട്ടാമ്പിയിൽനിന്ന് ഡൽഹിയിലേക്കാണ് ഇ– വേസ്‌റ്റ് കടത്തിയത്. ഇവർക്ക് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു. Read on deshabhimani.com