പോത്തുകല്ല് ആനക്കല്ലിൽ ഭൂചലനവും ഭൂമിക്കടിയിൽനിന്ന് സ്ഫോടന ശബ്ദവും ; 70 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എടക്കര പോത്തുകല്ല് ആനക്കല്ലിൽ നേരിയ ഭൂചലനവും ഭൂമിക്കടിയിൽനിന്ന് ഉഗ്ര സ്‌ഫോടന ശബ്ദവും അനുഭവപ്പെട്ടു. പ്രദേശവാസികൾ വീടുകളിൽനിന്ന് റോഡിലേക്കിറങ്ങിയോടി. ചില വീടുകളുടെ തറയിലും ചുവരുകളിലും നേരിയതോതിൽ വിള്ളൽ വീണിട്ടുണ്ട്. ആനക്കല്ല് കുന്നിനുമുകളിലാണ് ചൊവ്വ രാത്രി 9.15ന് ആദ്യശബ്ദം കേട്ടത്. 10.15നും 10.45നും വീണ്ടും ശബ്ദവും നേരിയ ഭൂചലനവും അനുഭവപ്പെട്ടു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തരായി. ഉടൻ പോത്തുകല്ല് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി. കുന്നിനുമുകളിലെ 70 കുടുംബങ്ങളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവരമറിഞ്ഞ് രാത്രി 11.15ന് സ്ഥലത്തെത്തിയപ്പോഴും സ്ഫോടന ശബ്ദം കേട്ടതായും ഭൂചലനം അനുഭവപ്പെട്ടതായും പഞ്ചായത്തംഗം മുസ്തഫ പാക്കട പറഞ്ഞു. കഴിഞ്ഞ 18, 19 തീയതികളിലും ഈ ഭാഗത്ത് സമാനമായ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. Read on deshabhimani.com