ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് : ഇടവ ഗ്രാമത്തിൽനിന്ന് ആകാശം മുട്ടേ
സ്വന്തം ലേഖകൻ ഇടവയിലെ ഓടയമെന്ന ഗ്രാമത്തിൽനിന്ന് രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയർലൈൻസ് വ്യവസായിയായി വളർന്ന ചരിത്രമാണ് തഖിയുദ്ദീൻ വാഹിദിന്റേത്. ബിസിനസിന്റെ നെറുകയിൽ നിൽക്കുമ്പോൾ 40–--ാം വയസ്സിൽ അദ്ദേഹം വെടിയേറ്റുവീണപ്പോൾ അവസാനിച്ചത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന കമ്പനിയുടെ ചരിത്രം കൂടിയാണ്. 25 വർഷങ്ങൾക്കിപ്പുറം കൊലപാതകി അറസ്റ്റിലാകുമ്പോൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഉദിച്ചുയരുകയും അതേപോലെ അസ്തമിക്കുകയും ചെയ്ത എയർലൈൻസ് കമ്പനി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. കഠിനാധ്വാനവും കരുണയാർന്ന മനസ്സുമായാണ് തഖിയുദ്ദീൻ വാഹിദ് ബിസിനസ് സാമ്രാജ്യത്തിലേക്ക് നടന്നുകയറിയത്. സഹോദരങ്ങളുമായി ചേർന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ജോലിയായിരുന്നു ആദ്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ആൾക്കാരെ കയറ്റിയയച്ചു തുടങ്ങിയതോടെ മുംബൈ ആസ്ഥാനമാക്കി ട്രാവൽസ് ആരംഭിച്ചു. നാല് വർഷംകൊണ്ട് ഇന്ത്യയിലുടനീളം 18 ഏജൻസിയും തുടങ്ങി. 1992-ലാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ആരംഭിച്ചത്. ആഭ്യന്തര സർവീസുകളാണ് നടത്തിയത്. 1995 ആയതോടെ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയർന്നു. കമ്പനി അഭിമാനകരമായ വളർച്ച കൈവരിച്ചതോടെ എതിർപ്പുകളും തുടങ്ങി. തഖിയുദ്ദീന്റെ മരണത്തോടെ കമ്പനിയുടെ തകർച്ചയും തുടങ്ങി. അടുത്തവർഷം സർവീസുകൾ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോഴും സഹോദരൻ നാസറുദീൻ ചെയർമാനും മറ്റ് സഹോദരങ്ങളായ താഹക്കുട്ടി, ഫൈസൽ, സഹോദരീ ഭർത്താവ് പീർ മുഹമ്മദ് എന്നിവർ ഡയറക്ടർമാരുമായി കമ്പനിയുണ്ട്. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടിൽ ജ്യേഷ്ഠസഹോദരൻ നാസറുദീൻ വാഹിദും തൊട്ടടുത്ത വീട്ടിൽ സഹോദരി ഐഷാബീവിയും കുടുംബവുമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരൻ താഹാക്കുട്ടിയും കുടുംബവീട്ടിലുണ്ടാകും. Read on deshabhimani.com