എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളെയും സിആർസെഡ് രണ്ടിലേക്ക് മാറ്റണം
വൈപ്പിൻ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളെയും സിആർസെഡ് രണ്ടിലേക്ക് മാറ്റണമെന്ന് സിപിഐ എം വൈപ്പിൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നാലു കിലോമീറ്റർമാത്രം വീതിയുള്ള വൈപ്പിൻകരയിലെ ചെമ്മീൻകെട്ടുകളുടെയും തോടുകളുടെയും അടുത്ത് താമസിക്കുന്നവരുടെ വീടെന്ന സ്വപ്‌നത്തിന് തുരങ്കംവച്ച തീരപരിപാലന നിയമം (സിആർസെഡ്) ഭേദഗതി ചെയ്‌തപ്പോൾ ഈ മൂന്നു പഞ്ചായത്തുകളെയും ഒഴിവാക്കിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് 2019ൽ നിയമം ഭേദഗതി ചെയ്‌തത്. എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളെ സിആർസെഡ് രണ്ടിലേക്ക് മാറ്റിയെങ്കിലും മറ്റു പഞ്ചായത്തുകൾക്ക് അതിന്റെ ആനുകൂല്യം ലഭിച്ചില്ല. ഒരേ പരിസ്ഥിതിയുള്ള വൈപ്പിൻകരയിലെ മൊത്തം പ്രദേശങ്ങളെയും സിആർസെഡ് രണ്ടിലേക്ക് മാറ്റി ഭേദഗതിമൂലമുള്ള ആനുകൂല്യം ലഭ്യമാക്കണം. വൈപ്പിൻകരയെ കാർഷികസമ്പുഷ്ടമാക്കുന്ന വീരൻപുഴയിലെയും പള്ളിപ്പുറം പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തോടുകളിലെയും അടിഞ്ഞുകൂടിയ എക്കലും ചെളിയും അടിയന്തരമായി നീക്കണം. മുനമ്പം ഭൂപ്രശ്‌നം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണം. വൈപ്പിൻമുതൽ മുനമ്പംവരെ കായലോരറോഡ് നിർമിച്ച് വൈപ്പിൻ ജനതയുടെ സഞ്ചാരസൗകര്യം വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പട്ടു. പൊതുചർച്ചയിൽ 19 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി എ പി പ്രിനിൽ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, സി കെ പരീത് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം എം പി പ്രശോഭ് ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ് ദിനരാജ് നന്ദി പറഞ്ഞു. എ പി പ്രിനിൽ വൈപ്പിൻ ഏരിയ സെക്രട്ടറി വൈപ്പിൻ സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറിയായി എ പി പ്രിനിലിനെ തെരഞ്ഞെടുത്തു.18 അംഗ ഏരിയ കമ്മിറ്റിയെയും 18 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. എ കെ ഗിരീഷ്, ഡോ. കെ കെ ജോഷി, പി ബി സജീവൻ, ഇ സി ശിവദാസ്, എൻ എസ് സൂരജ്, കെ എ സാജിത്, കെ യു ജീവൻമിത്ര, കെ കെ ബാബു, എം പി ശ്യാംകുമാർ, കെ എം ദിനേശൻ, കെ വി നിജിൽ, അഡ്വ. എം ബി ഷൈനി, പി ഡി ലൈജു, മേഴ്‌സി തോമസ്, കെ എസ് രാധാകൃഷ്‌ണൻ, അഡ്വ. സുനിൽ ഹരീന്ദ്രൻ, എം പി പ്രശോഭ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. തിങ്കൾ വൈകിട്ട് അഞ്ചിന് അയ്യമ്പിള്ളിയിൽനിന്ന് പ്രകടനവും ചുവപ്പുസേനാ മാർച്ചും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനം) പൊതുസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ എന്നിവർ സംസാരിക്കും. തൃപ്പൂണിത്തുറ, പള്ളുരുത്തി സമ്മേളനങ്ങൾക്ക് നാളെ ചെങ്കൊടി ഉയരും തൃപ്പൂണിത്തുറ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്‌ച പതാക ഉയരും. ഏരിയയിലെ വിവിധ രക്തസാക്ഷി സ്മൃതിമണ്ഡപങ്ങളിൽനിന്ന് ആരംഭിക്കുന്ന പതാക, കൊടിമര, കപ്പി കയർ, ദീപശിഖാ ജാഥകൾ വൈകിട്ട് പൊതുസമ്മേളന നഗറായ സീതാറാം യെച്ചൂരി നഗറിൽ (മാത്തൂർ മേൽപ്പാലത്തിനുസമീപം) സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ കെ കെ പ്രദീപ്‌കുമാർ പതാക ഉയർത്തും. വൈകിട്ട് നാലിന് അനശ്വര രക്തസാക്ഷി എം ആർ വിദ്യാധരൻ സ്‌മൃതികുടീരത്തിൽനിന്ന് പതാകജാഥ ആരംഭിക്കും. പി കെ സുബ്രഹ്മണ്യൻ ക്യാപ്റ്റനായ ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്യും. നാലിന് ഉദയംപേരൂർ മാങ്കായി കടവിൽ സരോജിനിയുടെ സ്മൃതിമണ്ഡപത്തിൽനിന്ന് കപ്പി കയർ ജാഥ ആരംഭിക്കും. അഡ്വ. എസ് മധുസൂദനൻ ക്യാപ്റ്റനായ ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി പി കെ രാജൻ സ്മൃതിമണ്ഡപത്തിൽനിന്ന് (പുതിയകാവ്) വൈകിട്ട് നാലിന് ദീപശിഖാജാഥ പ്രയാണം ആരംഭിക്കും. എം പി ഉദയൻ ക്യാപ്‌റ്റനായ ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് എരൂർ കോഴിവെട്ടുംവെളിയിൽ രക്തസാക്ഷി സി കെ ദാമോദരൻ സ്‌മൃതിമണ്ഡപത്തിൽനിന്ന് കൊടിമരജാഥ ആരംഭിക്കും. കെ വി കിരൺരാജ് ക്യാപ്‌റ്റനായ ജാഥ ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്യും. ബുധൻ രാവിലെ പത്തിന് സി കെ റെജി, കെ ടി സൈഗാൾ നഗറിൽ (എരൂർ പോട്ടയിൽ ക്ഷേത്രം ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം -വ്യാഴാഴ്‌ചയും തുടരും. വെള്ളിയാഴ്‌ച വൈകിട്ട് റാലിയും ചുവപ്പുസേനാ മാർച്ചും നടക്കും. 5.30ന് സീതാറാം യെച്ചൂരി നഗറിൽ (മാത്തൂർ മേൽപ്പാലത്തിനുസമീപം) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി സിപിഐ എം പള്ളുരുത്തി ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്‌ച പതാക ഉയരും. വൈകിട്ട് നാലിന് പനങ്ങാട് ചേപ്പനത്തുനിന്ന് കെ എസ് രാധാകൃഷ്ണൻ ക്യാപ്റ്റനും വി എം ഉണ്ണിക്കൃഷ്ണൻ മാനേജരുമായ പതാകജാഥ ആരംഭിക്കും. ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. കുമ്പളങ്ങി സൗത്തിൽനിന്ന് കെ കെ സുരേഷ് ബാബു ക്യാപ്റ്റനും ജയ്സൺ ടി ജോസ് മാനേജരുമായ കൊടിമരജാഥ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെല്ലാനത്തുനിന്ന് പി ആർ ഷാജികുമാർ ക്യാപ്റ്റനും ടി ജെ പ്രിൻസൺ മാനേജരുമായ കപ്പി -കയർ ജാഥ ഏരിയ സെക്രട്ടറി പി എ പീറ്റർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പള്ളുരുത്തി സൗത്തിലെ ടി കെ വത്സൻ സ്മൃതിമണ്ഡപത്തിൽനിന്ന് ദീപശിഖാജാഥ ആരംഭിക്കും. പി ആർ രചന ക്യാപ്റ്റനും പി എസ് വിജു മാനേജരുമായ ജാഥ ജില്ലാ കമ്മിറ്റി അംഗം ടി വി അനിത ഉദ്ഘാടനം ചെയ്യും. ഇടക്കൊച്ചിയിൽ ഇ കെ നാരായണൻ സ്മൃതിമണ്ഡപത്തിൽനിന്ന് എം എസ് ശോഭിതൻ ക്യാപ്റ്റനും എ എം ഷെരീഫ് മാനേജരുമായ രണ്ടാമത്തെ ദീപശിഖാജാഥ ഏരിയ കമ്മിറ്റി അംഗം കെ പി ശെൽവൻ ഉദ്ഘാടനം ചെയ്യും. നാലു ജാഥകളും പള്ളുരുത്തി കച്ചേരിപ്പടിയിൽ സംഗമിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗറായ സി കെ പത്മനാഭൻ നഗറിൽ (എം കെ അർജുനൻ മാസ്റ്റർ ഗ്രൗണ്ട്) എത്തിച്ചേരും. സ്വാഗതസംഘം ചെയർമാൻ കെ പി ശെൽവൻ പതാക ഉയർത്തും. ഏരിയ സെക്രട്ടറി പി എ പീറ്റർ ദീപശിഖ തെളിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ പി എസ് ഹരിദാസ് നഗറിൽ (റോസ് ഗാർഡൻ, പള്ളുരുത്തി) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് നാലിന് റാലിയും ചുവപ്പുസേനാ പരേഡും പൊതുസമ്മേളനവും ചേരും. ഇടക്കൊച്ചി അക്വിനാസ് കോളേജ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. സി കെ പത്മനാഭൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. Read on deshabhimani.com