എൽദോസ് കുന്നപ്പിള്ളിക്ക് നിയന്ത്രിത കസ്റ്റഡി ; ഉപാധികളോടെ മുൻകൂർ ജാമ്യം, മറ്റന്നാൾ ഹാജരാകണം



  തിരുവനന്തപുരം അധ്യാപികയെ ബലാത്സംഗം ചെയ്‌ത കേസിൽ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയ്‌ക്ക്‌ കർശന ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി പ്രസൂൺ മോഹനാണ്‌ പ്രതിക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചത്‌. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ശനിയാഴ്‌ചമുതൽ നവംബർ ഒന്നുവരെ അവശ്യഘട്ടങ്ങളിൽ നിയന്ത്രിത കസ്റ്റഡിയിലായിരിക്കുമെന്നും ഉത്തരവിലുണ്ട്. അതേസമയം, മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. ഒളിവിൽ കഴിയുന്ന എംഎൽഎ ശനി രാവിലെ ഒമ്പതിന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി അനിൽകുമാറിന്‌ മുന്നിലെത്തണം. രാത്രി ഏഴുവരെ ചോദ്യം ചെയ്യാം. ഈ ഘട്ടത്തിൽ പ്രതിയെ അറസ്റ്റ്‌ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന്‌ സ്വാതന്ത്ര്യമുണ്ട്‌. അറസ്റ്റ്‌ രേഖപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെയും രണ്ടു വ്യക്തികളുടെ ആൾജാമ്യത്തിലും വിട്ടയക്കണം. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനും മറ്റുമായി നിയന്ത്രിത കസ്റ്റഡിയിലെടുക്കാം. പ്രതിയുടെ ഒപ്പടക്കമുള്ള തെളിവ്‌ ശേഖരിക്കാനും പൊലീസിന്‌ അധികാരമുണ്ടാകും. നിയന്ത്രിത കസ്റ്റഡിയിലെടുക്കുന്ന സമയത്ത്‌ ജാമ്യം താൽക്കാലികമായി റദ്ദുചെയ്യും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്‌ പരാതിക്കാരി കൊച്ചിയിൽ പറഞ്ഞു. ജാമ്യത്തിനെതിരെ  അപ്പീൽ നൽകും ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയ്‌ക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ്‌ പ്രോസിക്യൂഷന്റെ ആവശ്യം. കോവളത്തെ ആത്മഹത്യാ മുനമ്പിലെത്തിച്ച്‌ എൽദോസ്‌ കുന്നപ്പിള്ളി യുവതിയെ വധിക്കാൻ ശ്രമിച്ചതായി മൊഴിയുണ്ട്‌. ഇക്കാര്യത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ തെളിവെടുപ്പിന്‌ ഹാജരാക്കേണ്ടതുണ്ട്‌. എംഎൽഎ യുവതിയെ മർദിച്ചതിന്‌ ദൃക്സാക്ഷികളുമുണ്ട്‌. പ്രതിയെ സാക്ഷികൾ തിരിച്ചറിയാൻ കൊണ്ടുപോകാൻ കസ്റ്റഡി അനിവാര്യമാണെന്ന്‌ അപ്പീലിൽ പ്രോസിക്യൂഷൻ വാദിക്കും. കേസ്‌ അന്വേഷിച്ച ഇൻസ്പെക്ടറെവരെ സ്വാധീനിച്ചതായി തെളിവുണ്ട്‌. സിഐക്കെതിരെ നടന്ന വകുപ്പുതല അന്വേഷണത്തിൽ എംഎൽഎയുടെ സ്വാധീനമുണ്ടായതായി വ്യക്തമാണ്‌. സാക്ഷികളെയടക്കം സ്വാധീനിച്ച്‌ കേസ്‌ അട്ടിമറിക്കാൻ സാധ്യതയുണ്ട്‌. എംഎൽഎമാരടക്കമുള്ളവർക്ക്‌ ജാമ്യം നൽകുന്നത്‌ കേസിനെ ദോഷകരമായി ബാധിക്കുമെന്ന ചിദംബരം കേസിലെ സുപ്രീംകോടതി നിരീക്ഷണവും ഇവിടെ പരിഗണിക്കപ്പെട്ടില്ലെന്നും പ്രോസിക്യൂഷൻ അപ്പീലിൽ വാദിക്കും. പ്രോസിക്യൂഷന്റെ നിയമോപദേശം വെള്ളിയാഴ്‌ച ഹൈക്കോടതിയിലെത്തിക്കും. ദീപാവലി അവധിക്ക്‌ ശേഷം 25ന്‌ അപ്പീൽ ഫയൽ ചെയ്യാനാണ്‌ പ്രോസിക്യൂഷൻ ആലോചിക്കുന്നത്‌. നടപടിയെടുക്കാതെ വയ്യ; 
നിർവാഹമില്ലാതെ കോൺഗ്രസ്‌ എൽദോസ്‌ കുന്നപ്പിള്ളിക്ക്‌ ജാമ്യം കിട്ടിയെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടപടിയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയിൽ കോൺഗ്രസ്‌. എംഎൽഎയുടെ വിശദീകരണം കിട്ടിയാലുടൻ നടപടി എന്നാണ്‌ നേതൃത്വം നേരത്തേ പറഞ്ഞത്‌. എന്നാൽ, പരാതി ഉയർന്ന്‌ 12 ദിവസത്തിനുശേഷമാണ്‌ കുന്നപ്പിള്ളി വിശദീകരണം നൽകിതയ്‌. ഇത്‌ ലഭിച്ചതോടെ നിലപാട്‌ മാറി. അച്ചടക്കസമിതി യോഗം ചേരട്ടെ എന്നായി.    എന്നാൽ, പാർടിയിൽനിന്ന്‌ പുറത്താക്കുന്നതടക്കം കടുത്ത നടപടി വേണമെന്നാണ്‌ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കളുടെ ആവശ്യം. കെ മുരളീധരൻ എംപി ഞരമ്പുരോഗി എന്നാണ്‌ എംഎൽഎയെ വിളിച്ചത്‌. ഇത്തരം കാര്യങ്ങൾക്ക്‌ കൂട്ടുനിൽക്കാനാകില്ലെന്നും പറയുന്നു. നടപടിയില്ലെങ്കിൽ പാർടിക്കുള്ളിൽ എതിർശബ്ദമുയരും എന്നതിന്റെ സൂചനയാണ് ഇത്‌. എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം പൊതുസമൂഹത്തിനുമുണ്ട്‌. മറ്റു നിർവാഹമില്ലാത്തതിനാൽ നടപടിയെടുത്തെന്ന്‌ വരുത്തിത്തീർത്ത്‌ കുന്നപ്പിള്ളിയെ രക്ഷിക്കാനാകും നേതൃത്വം ശ്രമിക്കുക.   Read on deshabhimani.com

Related News