പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ലെന്ന് കെഎസ്‌ഇബി



തിരുവനന്തപുരം> വൈദ്യുതി ബിൽ മാസംതോറും നൽകുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന്‌ കെഎസ്‌ഇബി. നിലവിലുള്ള ദ്വൈമാസ ബില്ലിങ്‌ മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി റെഗുലേറ്ററി കമീഷന്റെ പൊതുതെളിവെടുപ്പിൽ ഉയർന്നിരുന്നു. എന്നാൽ ഇത്‌ ഗുണഭോക്താക്കൾക്ക്‌ കൂടുതൽ ബാധ്യതയാകുമെന്നാണ്‌ കെഎസ്‌ഇബിയുടെ നിലപാട്‌. സംസ്ഥാനത്ത്‌ 139 ലക്ഷം വൈദ്യുതി ഉപയോക്താക്കളാണുള്ളത്‌. ഇതിൽ 1.46 ലക്ഷം വ്യാവസായിക ഉപയോക്താക്കൾക്കാണ്‌ പ്രതിമാസം ബില്ല്‌ നൽകുന്നത്‌. 1,05,54,000 ഗാർഹിക ഉപയോക്താക്കൾക്ക്‌ ദ്വൈമാസ ബില്ലാണ്‌ നൽകുന്നത്‌. 60 ഉപയോക്താക്കൾക്ക്‌ ഒരുമീറ്റർ റീഡറും ഒരു ഓവർസിയറും രണ്ടു ലൈൻമാനുമാണ്‌ സെക്‌ഷൻ ഓഫീസിലുള്ളത്‌. പ്രതിമാസ ബില്ലിങ്‌ ഏർപ്പെടുത്തിയാൽ നിലവിലുള്ളതിന്റെ ഇരട്ടി ജീവനക്കാരെ നിയമിക്കേണ്ടിവരും. ജീവനക്കാരുടെ ശമ്പളം, മറ്റ്‌ ഔദ്യോഗിക ചെലവുകൾ എന്നിവ വൈദ്യുതി താരിഫിൽ പ്രതിഫലിക്കും. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിലൂടെ  ഉപയോഗിക്കാത്ത വൈദ്യുതിക്ക്‌ പണം ഈടാക്കുന്നെന്നും സ്ലാബ്‌ മാറുന്നതിനാൽ അധികതുക നൽകണമെന്നുമാണ്‌ ഉപയോക്താക്കളുടെ ആശങ്ക.   ഉപയോഗിച്ച വൈദ്യുതിക്കാണ്‌ ബിൽ ഫിക്‌സഡ് ചാർജും എനർജി ചാർജും കൂട്ടിയുള്ള തുകയാണ്‌ ഉപയോക്താവ്‌ അടയ്‌ക്കേണ്ടത്‌. വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും ഫിക്‌സഡ്‌ ചാർജ്‌ നൽകണം. എന്നാൽ ഉപയോഗിച്ച വൈദ്യുതിയുടെ തുകയാണ്‌ എനർജി ചാർജ്‌. Read on deshabhimani.com

Related News