ആനയൂട്ട് ഗ്യാലറിമുതൽ പൂരംഗ്രൗണ്ടുവരെ; വരൂ കാപ്പുകാട് കാണാം
കാട്ടാക്കട > ആനയൂട്ട് ഗ്യാലറിമുതൽ പൂരംഗ്രൗണ്ടുവരെ തയ്യാർ... ആനവിശേഷങ്ങളറിയാനും ആനയെ അടുത്തറിയാനുമായി അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരണങ്ങളുമായി കാപ്പുകാട് ആന പുനരധിവാസകേന്ദ്രം. നവീകരിച്ച കേന്ദ്രം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്‌ബിയിൽനിന്ന് 105 കോടി മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്. അഗസ്ത്യവനത്തോട് ചേർന്ന 175 ഹെക്ടറിൽ 50 ആനകളെ വരെ പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അൻപതോളം ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഒറ്റയ്‌ക്കും കൂട്ടമായും പാർപ്പിക്കാനാകും. രണ്ടുമുതൽ അഞ്ചുവരെ ഏക്കറാണ് ഓരോ വാസസ്ഥലത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോന്നിലും ഒന്നുമുതൽ നാലുവരെ ആനകൾക്കുള്ള കൊട്ടിലുകൾ, ജലസംഭരണികൾ എന്നിവയും ഉണ്ടാകും. ഉരുക്കുവേലികളാണ് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ളത്. പതിനെട്ടോളം ആനകൾ ഇപ്പോൾ പാർക്കിൽ ഉണ്ട്. വെറ്ററിനറി ഹോസ്പിറ്റൽ, ആനക്കൊട്ടിലുകൾ, ആന മ്യൂസിയം, അഡ്മിനിസ്ട്രേഷൻ ഓഫീസ്, റിസർച്ച് ട്രെയിനിങ് സെന്റർ, ഡോക്ടർമാർക്ക് ഉൾപ്പെടെ താമസിക്കാൻ ഹോസ്റ്റൽ, ക്വാർട്ടേഴ്സ്, ബോട്ടിങ്, ആനയൂട്ട് ഗാലറി, പൂരം ഗ്രൗണ്ട് എന്നിവയെല്ലാം ഇവിടെയുണ്ട്. കുട്ടിയാനകൾക്കുള്ള പരിചരണകേന്ദ്രത്തിൽ മുറികളോടൊപ്പം അണുവിമുക്ത അടുക്കള, പാപ്പാന്മാർക്ക് 24 മണിക്കൂറും തങ്ങാനുള്ള സൗകര്യം, ഡോക്ടർക്കുള്ള പരിശോധനാമുറി എന്നിവ നിർമിച്ചിട്ടുണ്ട്. ഇത്തരത്തിൽ രാജ്യത്ത് ഒരുങ്ങുന്ന പ്രഥമ സംവിധാനമാണിത്. പദ്ധതി നടത്തിപ്പ് ഹൗസിങ് ബോർഡിനാണ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓഫീസ് തന്നെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കാപ്പുകാട് ആരംഭിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. ഇവിടേക്കുള്ള പഞ്ചായത്ത് റോഡ് ആധുനിക നിലവാരത്തിൽ കോൺക്രീറ്റ് ചെയ്‌തു. ആനക്കാഴ്ചകൾക്കൊപ്പം അഗസ്ത്യമലകളുടെ ഭംഗി ആസ്വദിച്ച് നെയ്യാറിലൂടെയുള്ള ജലയാത്രക്കുള്ള അവസരവും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതിനായി കുട്ടവഞ്ചികളും ചങ്ങാടവും പെഡൽ ബോട്ടുകളുമെല്ലാം സജ്ജം. നെയ്യാറിന്റെ തീരത്ത് നിർമ്മിച്ച ലോഗ് ഹൗസുകൾ സഞ്ചാരികളുടെ മുഖ്യ ആകർഷണമായിമാറും. മുളം കമ്പുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ആദിവാസി ഊരുകളിലൂടെ വനസൗന്ദര്യം നുകർന്ന് സാഹസിക യാത്ര ചെയ്യാനും സൗകര്യമുണ്ട്. തിരുവനന്തപുരത്തു നിന്ന് 35 കിലോമീറ്ററാണ് കോട്ടൂരിലേക്കുള്ള ദൂരം. തിരുവനന്തപുരം നഗരത്തിൽ മലയിൻകീഴ് -കാട്ടാക്കട-കുറ്റിച്ചൽ റൂട്ടിൽ യാത്ര ചെയ്താൽ കോട്ടൂരിലെത്താം. പദ്ധതിയുടെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. വനം ആശ്രിത കുടുംബങ്ങളുടെ തൊഴിൽ, സാമ്പത്തികം എന്നിവ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ കഴിയും. ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com