‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമം; വിനോദ സഞ്ചാരത്തിന്‌ ഉണർവ്



വൈത്തിരി > കുന്നിൻമുകളിലെ മഞ്ഞിൻകുളിരിൽ തീർത്ത ഹരിതഭംഗി. ടൂറിസം ഭൂപടത്തിൽ തിലകക്കുറിയാകാൻ ലക്കിടിയിലെ എൻ ഊരിലെ കാഴ്‌ചകളും. പുല്ലുകൊണ്ട് മേഞ്ഞ മനോഹര കുടിലുകളടങ്ങിയ തനത് ഗോത്ര വൈവിധ്യ ഗ്രാമം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുന്ന സംസ്ഥാനത്തെ ആദ്യ ട്രൈബൽ ടൂറിസം പദ്ധതിയും കൂടിയാവും എൻ ഊര്.   പ്രിയദർശിനിയിലെ 25 ഏക്കറിൽ തീർത്ത ദ്യശ്യഭംഗി ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകും. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്തെ പൈതൃക ഗ്രാമമാകും ഇനി  വയനാടന്‍ ടൂറിസത്തിന്റെ കവാടം. ലക്കിടിയിൽനിന്ന് പൈതൃക ഗ്രാമത്തിലേക്ക് യാത്ര തുടങ്ങുന്നത് മുതൽ കാഴ്ചകൾ മനോഹരമാകും. പാതയുടെ ഇരുവശവുമുള്ള മനോഹരമായ കുന്നിൻ ചെരിവുകൾ കാഴ്ചകൾക്ക് കൂടുതൽ ഇമ്പമേകും. ചുരത്തിന്റെയും ഓഫ് റോഡ് യാത്രയുടെയും സുഖം അനുഭവിക്കാം. സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന വലിയ കവാടം മുതൽ കാഴ്ചകളുടെ വൈവിധ്യമാണ്. മഞ്ഞും ചെറിയ മഴയുമുണ്ടെങ്കിൽ സ്വർഗത്തിൽ തന്നെയെന്ന് പറയാം. മഴ ആസ്വാദകർക്ക് ഉദ്ഘാടനത്തോടെ നവ്യാനുഭവമാവും.   കേൾക്കാനും കാണാനും അറിയാനുമുള്ളതെല്ലാം എൻ ഊരിലുണ്ട്. ഗോത്ര വിപണി, ഓപ്പൺ എയർ തിയേറ്റർ, ട്രൈബല്‍ കഫ്‌തീരിയ, ഫെസിലിറ്റേഷൻ സെന്റർ, സൂക്ഷിപ്പു കേന്ദ്രം. ഉദ്ഘാടനം കഴിയുന്നതോടെ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ വയനാടിന്റെ മുഖശ്രീയായി എൻ ഊര് മാറും. വിദേശ, അന്യസംസ്ഥാന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകാനും എൻ ഊര് ഒരുങ്ങിക്കഴിഞ്ഞു. വയനാടിന്റെ സ്വന്തം  ചരിത്രം പഠിക്കാനെത്തുന്നവർക്കും എൻ ഊര്  സഹായകരമാകും. കുട്ടികൾക്കായി പ്രകൃതി സൗഹൃദ കളിമൈതാനങ്ങളിൽ കൂടി ഒരുങ്ങുന്നതോടെ കുടുംബത്തോടെ എത്തുന്നവർക്കും പ്രയോജനകരമാവും. ഭാവി പദ്ധതികളായ പൈതൃക നടവഴി, ഗോത്ര പുനരാഖ്യാന കേന്ദ്രം, കരകൗശല പണിശാല എന്നിവയും സഞ്ചാരികളെ ആകർഷിക്കും.   വെറ്ററിനറി സർവകലാശാലയ്‌ക്ക്‌ സമീപം വരെയാണ്‌ സ്വകാര്യ വാഹനം അനുവദിക്കുക. അവിടുന്ന്‌ സഞ്ചാരികൾക്കായി ജീപ്പ്‌ ഷട്ടിൽ സർവീസാണ്‌. പത്ത്‌ രൂപയാണ്‌ ഒരു ഭാഗത്തേക്കുള്ള നിരക്ക്‌. ഗ്രാമത്തിൽ രണ്ടാഴ്‌ച പ്രവേശനം സൗജന്യമാണ്‌. പ്രവേശന ഫീസ്‌, നടത്തിപ്പുകാരായ എൻ ഊര്‌ ചാരിറ്റബിൾ സൊസൈറ്റി ഉടൻ തീരുമാനിക്കും. രാവിലെ ഒമ്പതു മുതൽ വൈകിട്ട്‌ ഏഴുവരെയാണ്‌ പ്രവേശനം.   ഉദ്‌ഘാടനം നാളെ   പൂക്കോട്‌ വെറ്ററിനറി സർവകലാശാലയ്‌ക്ക്‌ സമീപം നിർമാണം പൂർത്തിയായ ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമം ശനിയാഴ്‌ച മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുമെന്ന്‌ എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ സബ്‌ കലക്ടർ ആർ ശ്രീലക്ഷ്‌മി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാംഘട്ട നിർമാണം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും.   ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മഴക്കാല ഗോത്ര പാരമ്പര്യ ഉൽപ്പന്ന പ്രദർശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച' നാല്‌, അഞ്ച്‌ തീയതികളിൽ നടക്കും. പ്രദർശനം ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദർശനം, മഴക്കാല ഗോത്ര പുരാതന കാർഷികവിള, ഉപകരണ പ്രദർശനം, മഴക്കാല ഗോത്ര മരുന്നുകൾ, ഗോത്ര തനത് ആവിക്കുളി, പിആർഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദർശനം എന്നിവയും നടക്കും. കുടുംബശ്രീ ട്രൈബൽ കഫ്‌തീരിയ ഐ സി ബാലകൃഷ്ണൻ എംഎൽഎ  ഉദ്ഘാടനംചെയ്യും.   എൻ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്മാരെ ആദരിക്കലും ജില്ലാ നിർമിതി കേന്ദ്രക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ധരെയും എൻ ഊര് ആർക്കിടെക്ടുകളെയും മന്ത്രി പി എ മുഹമ്മദ് റിയാസും എൻ ഊര് സിഎസ്ആർ ഫണ്ട് സപ്പോർട്ടേഴ്സിനെ ടി സിദ്ദിഖ് എംഎൽഎയും ആദരിക്കും. സമാപന സമ്മേളനം അഞ്ചിന് പകൽ മൂന്നിന് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനംചെയ്യും. രണ്ടു ദിവസവും ഗോത്രകലാ പരിപാടികളും അരങ്ങേറും.  വാർത്താസമ്മേളനത്തിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, എൻ ഊര് സൊസൈറ്റി സെക്രട്ടറി വി ബാലകൃഷ്ണൻ, സിഇഒ ഇൻചാർജ് പി എസ് ശ്യാം പ്രസാദ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News