എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനം; കനിവോടെ സർക്കാർ



തിരുവനന്തപുരം > എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിനായി സർക്കാർ ആരോഗ്യ മേഖലയിൽ നടത്തുന്നത്‌ വിപുലമായ ഇടപെടൽ. ഇവർക്കായി -17 ആശുപത്രിയിൽ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കി. ആർസിസി, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌, ഷൊർണൂർ ഐക്കൺസ്‌, മലബാർ ക്യാൻസർ സെന്റർ, കോഴിക്കോട്‌, കണ്ണൂർ മെഡിക്കൽ കോളേജ്‌, മങ്ങാട്ടുപറമ്പ ആശുപത്രി, തലശേരി, കാസർകോട്‌ ജനറൽ ആശുപത്രി, കണ്ണൂർ, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, മംഗലാപുരം യോനോപോയ മെഡിക്കൽ കോളേജ്‌, മണിപ്പാൽ കസ്‌തൂർബാ, മംഗലാപുരം കെഎംസി അംബേദ്‌കർ സർക്കിൾ,  അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രി,പരിയാരം ആയുർവേദ മെഡിക്കൽ കോളേജ്‌, കോഴിക്കോട്‌ ഹോമിയോ മെഡിക്കൽ കോളേജ്‌  എന്നിവിടങ്ങളിലാണ്‌  സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്‌. ദുരിതബാധിതരുള്ള 11  പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഫിസിയോ തെറാപ്പി സേവനം നിലവിലുണ്ട്. പുറമെ കാഞ്ഞങ്ങാട്‌ , കാസർകോട്‌, പനത്തടി, പെരിയ, മുളിയാർ,ബദിയടുക്ക ആശുപത്രികളിലും സൗകര്യമുണ്ട്‌. കാസർകോടിന്‌ കരുതൽ കാസർകോട്‌ ആരോഗ്യ മേഖലയിലെ ശാക്തീകരണ പ്രവർത്തനം ചരിത്രത്തിലില്ലാത്ത വിധം  നടക്കുകയാണ്‌. ന്യൂറോളജിസ്റ്റിന്റെയും കാർഡിയോളജിസ്റ്റിന്റെയും സേവനം ആദ്യമായി  ലഭ്യമാക്കി. കാത്ത് ലാബ് പ്രവർത്തന സജ്ജമാകുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്‌,ഇഇജി മെഷീൻ എന്നിവ ലഭ്യമാക്കി. മെഡിക്കൽ കോളേജിന്റെ 272 തസ്‌തികയിൽ പകുതി നിയമനം നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്‌പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് തുടങ്ങി. സർക്കാർ മെഡിക്കൽ കോളേജിൽ ഒപി ആരംഭിച്ചു. ന്യൂറോ വിഭാഗം ഉൾപ്പെടെ സ്‌പെഷ്യാലിറ്റി ചികിത്സയുമുണ്ട്‌. 160 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 17 തസ്തിക സൃഷ്ടിച്ചു. ജില്ലയിൽ അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് സജ്ജമാകുന്നു.  ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്‌തികയും നികത്തുന്നു. ഇങ്ങനെ പോകുന്നു കരുതൽ. മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സതീശൻ എൻഡോസൾഫാൻ ദുരന്തവുമായി ബന്ധപ്പെട്ട്‌ സമരസമിതി ഉന്നയിക്കുന്ന വിഷയങ്ങളിൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആവശ്യപ്പെട്ടു. പുതുതായി അനുവദിക്കുന്ന എയിംസ് ആശുപത്രിയിൽ കാസർകോട് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്നാണ്‌ സമരസമിതിയും ദയാബായിയും ആവശ്യപ്പെടുന്നത്. നിലവിലെ ആശുപത്രികളിൽ ന്യൂറോ സംവിധാനം ഉൾപ്പെടെ മെച്ചപ്പെടുത്തണം. ദയാബായിയോട്‌ സർക്കാർ ക്രൂരനിലപാട്‌ സ്വീകരിക്കുന്നു. വിഴിഞ്ഞം സമരക്കാരുമായും മുഖ്യമന്ത്രി സംസാരിക്കണം. സമരത്തിന് യുഡിഎഫ്‌ പിന്തുണയുണ്ടെന്നും സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞു. Read on deshabhimani.com

Related News