മെമ്മറി കാർഡ് പരിശോധന: അന്വേഷണ റിപ്പോർട്ട് ഹാജരാക്കണം
കൊച്ചി > നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രജിസ്ട്രിക്ക് ഹൈക്കോടതിയുടെ നിർദേശം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് രജിസ്ട്രിയോട് നിർദേശിച്ചത്. മെമ്മറി കാർഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അതിജീവിതയുടെ വാദം പൂർത്തിയായി. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി നടൻ ദിലീപ് മറുപടിവാദത്തിന് സമയം തേടി. തുടർന്ന് ജസ്റ്റിസ് സി എസ് ഡയസ് ഹർജി 21ലേക്ക് മാറ്റി. അന്വേഷണ റിപ്പോർട്ട് നേരത്തേ ഹൈക്കോടതിയിൽ ഹാജരാക്കിയെങ്കിലും സെഷൻസ് കോടതിയിലേക്ക് മടക്കി അയച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസാണ് അന്വേഷണം നടത്തിയത്. മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ മൂന്നുതവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അങ്കമാലി മജിസ്‌ട്രേട്ട് ലീന റഷീദ്, ജില്ലാ ജഡ്‌ജിയുടെ പിഎ മഹേഷ്, ശിരസ്തദാർ താജുദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. Read on deshabhimani.com