ഓഫീസുകൾ കയറിയിറങ്ങേണ്ട ; എല്ലാ ഭൂസേവനങ്ങളും വിരൽത്തുമ്പിൽ
തിരുവനന്തപുരം ‘എന്റെ ഭൂമി’ സംയോജിത പോർട്ടൽ യാഥാർഥ്യമായതോടെ ഭൂമി സംബന്ധമായ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാകും. വില്ലേജ് ഓഫീസ്, രജിസ്‌ട്രേഷൻ ഓഫീസ്, സർവേ ഓഫീസ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് ‘എന്റെ ഭൂമി’ യിൽ ലഭ്യമാകുക. തണ്ടപ്പേർ സർട്ടിഫിക്കറ്റ്, പ്രീമ്യൂട്ടേഷൻ സ്‌കെച്ച്, പോക്കുവരവ്, ഭൂപരിപാലനം, ഭൂനികുതി അടയ്‌ക്കൽ, ലൊക്കേഷൻ സ്‌കെച്ച്, മുൻ സർവെ റെക്കോഡുകൾ, ഡിജിറ്റൽ സർവെ മാപ്പ്, ലാൻഡ് ഐഡന്റിഫിക്കേഷൻ എന്നീ സേവനങ്ങൾ ഈ പോർട്ടൽ വഴി ലഭിക്കും. ഭൂമികൈമാറ്റം, ഭൂമി രജിസ്ട്രേഷൻ ചെയ്യാനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ, ഓട്ടോ മ്യൂട്ടേഷൻ, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂ നികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിർണയം തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ഇതോടെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ഭൂമിയുടെയും ഡിജിറ്റൽ രേഖ ‘എന്റെ ഭൂമി’ പോർട്ടലിൽ പ്രസിദ്ധീകരിക്കും. എന്റെ ഭൂമി പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്‌ത ശേഷം ലോഗിൻ ചെയ്‌ത് വിവിധ സേവനങ്ങൾ ലഭ്യമാക്കാനാകും. പോർട്ടൽ ഐഡി: https://entebhoomi.kerala.gov.in Read on deshabhimani.com