ആശയക്കുഴപ്പം വേണ്ട; ഇഎസ്‌എയും ഇഎസ്‌ഇസഡും ഒന്നല്ല



തിരുവനന്തപുരം> പരിസ്ഥിതി ദുർബല പ്രദേശവും (ഇഎസ്‌എ), പരിസ്ഥിതി ദുർബല മേഖലയും (ഇഎസ്‌ഇസഡും) ഒന്നാണെന്ന ആശയക്കുഴപ്പം വേണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌. നാഷണൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്‌ക്ക് ചുറ്റും നിർദിഷ്ട ദൂരപരിധിയിൽ വനംവകുപ്പ് രേഖപ്പെടുത്തിയ പ്രദേശങ്ങളാണ്‌ പരിസ്ഥിതി ദുർബല മേഖലകൾ. ജനവാസ മേഖലകൾ ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തിയിരിക്കുന്നതാണ്‌ കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം. ഇഎസ്‌എയും ഇഎസ്‌ഇസഡും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ ചിലർ വിഷയം കൈകാര്യം ചെയ്യുന്നതാണ്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. കരട് നിർദേശം 
കേന്ദ്രപരിഗണനയിൽ ജനവാസ മേഖലകൾ ഒഴിവാക്കി വനമേഖലയിൽ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം വിജ്ഞാപനം ചെയ്യാനുള്ള സംസ്ഥാനത്തിന്റെ കരട് നിർദേശം കേന്ദ്രത്തിന്റെ  പരിഗണനയിലാണ്‌. വനം പരിസ്ഥിതി മന്ത്രാലയമാണ്‌ അന്തിമവിജ്ഞാപനമിറക്കേണ്ടത്‌. പശ്ചിമഘട്ടത്തിന്റെ 37 ശതമാനം (59940 ചതുരശ്ര കിലോമീറ്റർ) പരിസ്ഥിതി ദുർബല പ്രദേശമായാണ്‌ കസ്തൂരിരംഗൻ സമിതി കണക്കാക്കിയത്‌. കേരളത്തിലെ 123 വില്ലേജുകളുടെ ആകെ വിസ്തൃതിയായ 13108 ചതുരശ്ര കിലോമീറ്ററാണ്‌ ഇഎസ്‌എ ആയി ചേർത്തത്‌. പ്രദേശത്തിന്റെ അതിർത്തി, സ്ഥല പരിശോധന ഉൾപ്പെടെ നിർണയിക്കാൻ കേന്ദ്രനിർദേശപ്രകാരം അന്നത്തെ സർക്കാർ ഡോ. ഉമ്മൻ വി ഉമ്മൻ സമിതിയെ നിയോഗിച്ചു. പരിസ്ഥിതിലോല പ്രദേശമായി 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുന്നെന്നും 9107 ചതുരശ്ര കിലോമീറ്റർ വന പ്രദേശവും ശേഷിക്കുന്നവ വനേതര പ്രദേശമാണെന്നും റിപ്പോർട്ട്‌ നൽകിയത്‌. കേന്ദ്രം ഈ ശുപാർശ അംഗീകരിച്ചു.ജൂലൈ 31ന്‌ പുനർവിജ്ഞാപനം വന്നപ്പോൾ വില്ലേജുകൾ 131 ആയെങ്കിലും വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്റർ തന്നെയാണ്‌. 2013ലെ നിർദേശങ്ങളും നിലവിലെ കരടുവിജ്ഞാപനവും അനുസരിച്ച്‌ ഇഎസ്‌എയിൽ മണൽ ഖനനമടക്കമുള്ള പ്രവർത്തനങ്ങൾക്കും താപനിലയങ്ങൾക്കും ചുവപ്പുപട്ടികയിലുള്ള വ്യവസായങ്ങൾക്കും അനുമതിയില്ല. നിലവിലുള്ള വ്യവസായങ്ങൾക്ക്‌ നിയന്ത്രണമില്ല. 20000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിട നിർമാണം, ടൗൺഷിപ്പ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികൾ എന്നിവയ്ക്ക് നിരോധനമുണ്ട്. നിലവിലുള്ള വീടുകൾ പുതുക്കി പണിയുന്നതുൾപ്പെടെ നിർമാണങ്ങൾക്കും തടസമില്ല. ഇഎസ്‌എയിലെയും ഇഎസ്‌ഇസഡിലെയും നിയന്ത്രണങ്ങൾ വിഭിന്നമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌   വ്യക്തമാക്കി. Read on deshabhimani.com

Related News