എറണാകുളം ബംഗളൂരു വന്ദേഭാരത്‌ പിൻവലിച്ചത്‌ 
സ്വകാര്യബസ്‌ കൊള്ളയ്‌ക്ക്‌ ; യാത്രക്കാർക്ക്‌ ദുരിതം

വന്ദേഭാരത്‌ ട്രെയിൻ എറണാകുളത്തുനിന്ന്‌ ബംഗളൂരുവിലേക്ക്‌ സർവീസ്‌ 
ആരംഭിച്ചപ്പോൾ (ഫയൽ ചിത്രം)


കൊച്ചി എറണാകുളം– -ബംഗളൂരു വന്ദേഭാരത്‌ ട്രെയിൻ സർവീസ്‌ അവസാനിപ്പിച്ചതോടെ ഓണക്കാലത്ത്‌ യാത്ര ദുരിതമാകുമെന്ന്‌ ഉറപ്പായി. വന്ദേഭാരത്‌ നിർത്തുകയും മറ്റു ട്രെയിനുകളിൽ സീറ്റ്‌ ലഭിക്കാതാവുകയും ചെയ്‌തതോടെ യാത്രക്കാർ കൂട്ടത്തോടെ വൻതുക നൽകി സ്വകാര്യബസ്‌ സർവീസിനെ ആശ്രയിക്കുകയാണ്‌.   സർവീസ്‌ നിർത്തിവച്ച വന്ദേഭാരത്‌ ട്രെയിൻ എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായിരുന്നു. സർവീസ്‌ നടത്താത്തതിൽ പ്രതിഷേധം വ്യാപകമായതോടെ വ്യാഴാഴ്‌ച അവിടെനിന്ന്‌ കൊച്ചുവേളിയിലേക്ക്‌ മാറ്റി.  യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ്‌ ജൂലൈ 25 മുതൽ എറണാകുളം–ബംഗളൂരു വന്ദേഭാരത്‌ സർവീസ്‌ ആരംഭിച്ചത്‌. എട്ടുകോച്ചുള്ള ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പകൽ 12.30ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെട്ട്‌ രാത്രി പത്തിന്‌ ബംഗളൂരു കന്റോൺമെന്റ് സ്‌റ്റേഷനിൽ എത്തുമായിരുന്നു. തിരിച്ച്‌ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന്‌ പുറപ്പെട്ട്‌ പകൽ 2.20ന്‌ എറണാകുളത്തും എത്തും. ചെയർ കാറിന്‌ 1465 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയറിന്‌ 2945 രൂപയുമായിരുന്നു നിരക്ക്‌. 105 ശതമാനം ബുക്കിങ്ങുണ്ടായിരുന്ന വന്ദേഭാരതിന്‌ തൃശൂർ, പാലക്കാട്‌, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്‌, സേലം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടായിരുന്നു. എറണാകുളം–- ബംഗളൂരു സർവീസ്‌ ആരംഭിച്ച സമയത്താണ്‌ മംഗളൂരു–- ഗോവ റൂട്ടിലും സർവീസ്‌ തുടങ്ങിയത്‌. അവിടെ  കേവലം 31 ശതമാനമായിരുന്നു ബുക്കിങ്‌. ബംഗളൂരു യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ സ്വകാര്യ വോൾവോ ഉൾപ്പെടെയുള്ള ബസുകൾ വൻ തുക ഈടാക്കാൻ തുടങ്ങി. ഓണം അടുക്കുന്തോറും യാത്രാനിരക്ക്‌ 4000 രൂപവരെയായി ഉയർന്നേക്കും. ഈ അവസ്ഥയിൽ യാത്രക്കാർക്ക്‌ കെഎസ്‌ആർടിസി അന്തർസംസ്ഥാന സർവീസാണ്‌ ഏക ആശ്രയം. സ്വിഫ്‌റ്റ്‌ ഡീലക്‌സിന്‌ കേവലം 815 രൂപയും സൂപ്പർ എക്‌സ്‌പ്രസിന്‌ 1160 രൂപയുമാണ്‌ നിരക്ക്‌. Read on deshabhimani.com

Related News