എരുമേലി ഗ്രീൻഫീൽഡ്‌ വിമാനത്താവളം :
 സാമൂഹികാഘാത പഠനം തുടങ്ങി

എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളഭൂമിയിൽ സാമൂഹികാഘാത പഠനത്തിനെത്തിയവർ


കാഞ്ഞിരപ്പള്ളി നിർദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്‌ തുടക്കമായി. തൃക്കാക്കര ഭാരതമാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. ആര്യ ചന്ദ്രന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്‌ പഠനം തുടങ്ങിയത്. ടീമിന്റെ ചെയർപേഴ്‌സൺ സോഷ്യൽ വർക്ക്‌സ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. ഷീന രാജൻ ഫിലിപ്പാണ്‌. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2,570 ഏക്കർ സ്ഥലത്താണ്‌ പഠനം നടത്തുക. പ്രദേശവാസികളെ പദ്ധതി ഏതൊക്കെ രീതിയിൽ ബാധിക്കും എന്നത്‌ സംബന്ധിച്ച പഠനമാണ്‌ നടത്തുന്നത്‌. മൂന്നുമാസത്തിനകം പൂർത്തിയാക്കാനാണ്‌ സർക്കാരിന്റെ നിർദേശം. വീടുകളിലെത്തിയാണ്‌ വിവരങ്ങൾ ശേഖരിക്കുന്നത്‌. അതിനുശേഷം പബ്ലിക്‌ ഹിയറിങ് നടത്തും. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പഠനം നടത്താൻ മുമ്പ്‌ ചുമതലപ്പെടുത്തിയ ഏജൻസി പൂർണമായും സ്വതന്ത്ര ഏജൻസിയല്ലാത്തതിൽ ആദ്യ വിജ്ഞാപനം റദ്ദാക്കി പുതിയത്‌ ഇറക്കുകയും ഭാരത്‌മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു. Read on deshabhimani.com

Related News