മൂന്ന് വർഷം 1.85 ലക്ഷം വാഹനം ; വൈദ്യുത വാഹനത്തിൽ മലയാളിത്തിരക്ക്
ആലപ്പുഴ മലയാളികളിൽ വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറുന്നു. മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത് 1,85,174 വൈദ്യുത വാഹനം. ഈ വർഷം ഇതുവരെ 69,748 വൈദ്യുത വാഹനങ്ങൾ നിരത്തിലിറങ്ങി. 2023–-ൽ വിവിധ വിഭാഗങ്ങളിലായി 75,792 വൈദ്യുത വാഹനങ്ങളും 2022–-ൽ 39,556 വൈദ്യുത വാഹനങ്ങളും സഞ്ചാരമാരംഭിച്ചു. വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറുന്നതിന് ആനുപാതികമായി ഇരുചക്ര പെട്രോൾ വാഹനങ്ങൾ കുറയുന്നു. 2022–-ൽ പെട്രോൾ ഇന്ധനമാക്കുന്ന 4,98,882 ഇരുചക്രവാഹനങ്ങൾ രജിസ്റ്റർ ചെയ്‌തു. അന്ന് 33,460 മാത്രമായിരുന്നു വൈദ്യുത വാഹനങ്ങൾ. 2023–-ൽ 61,797 ഇരുചക്ര വൈദ്യുത വാഹനങ്ങൾ പുറത്തിറങ്ങിയപ്പോൾ പെട്രോൾ വാഹനങ്ങൾ 4,01,157 ആയി കുറഞ്ഞു. ഈ വർഷം ഇതുവരെ 56,296 വൈദ്യുത ഇരുചക്രവാഹനങ്ങൾ പുറത്തിറങ്ങിയപ്പോൾ പെട്രോൾ വാഹനങ്ങളുടെ എണ്ണം 3,75,588 മാത്രമായി. സിഎൻജി ഭരിക്കുന്ന മുചക്രവാഹന വിപണിയിലും വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ട്. 2022–-ൽ 2,293 വൈദ്യുത ഓട്ടോറിക്ഷകളാണ് നിരത്തിലിറങ്ങിയത്. 2023–-ൽ 4072 ആയും 2023–-ൽ 4346 ആയും ഇത് ഉയർന്നു. കാറുകളടക്കമുള്ള നാലു ചക്ര വിഭാഗത്തിലും വൈദ്യുത വാഹനങ്ങൾ വളർച്ചകൈവരിച്ചു. പടരുന്നു വലിയ വാഹനങ്ങളിലേക്കും ചെറുവാഹനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല വൈദ്യുത വാഹന വിപണി. ട്രാവലർ, വാനുകൾ എന്നിവ ഉൾപ്പെടുന്ന ലൈറ്റ് പാസഞ്ചർ, ചെറിയ ചരക്കുവാഹനങ്ങളുടെ ലൈറ്റ് ഗുഡ്‌സ്, ബസുകൾ ഉൾപ്പെടുന്ന ഹെവി പാസഞ്ചർ, വലിയ ചരക്കുവാഹനങ്ങളുടെ ഹെവി ഗുഡ്സ് വിഭാഗങ്ങളിലും വൈദ്യുത വാഹനങ്ങൾ സാന്നിധ്യം ഉറപ്പിക്കുകയാണ്. മൂന്ന് വർഷത്തിനിടെ 582 വാഹനങ്ങളാണ് ഈ നാലു വിഭാഗങ്ങളിലായി നിരത്തിലിറങ്ങിയത്. കരുത്തായി കെഎസ്‌ഇബി നിലവിൽ 63 ഡിസി അതിവേഗ ചാർജിങ് സ്റ്റേഷനുകളും ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി 1166 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും കെഎസ്‌ഇബി സ്ഥാപിച്ചിട്ടുണ്ട്. ചാർജിങ് സ്റ്റേഷനുകളിൽ ശുചിമുറി, കഫറ്റേരിയ എന്നിവയുൾപ്പടെ കൂടുതൽ സൗകര്യമൊരുക്കാൻ കെഎസ്‌ഇബി തയ്യാറെടുക്കുന്നു. Read on deshabhimani.com