കലാനുഭവത്തിന്റെ ‘മറുതീര കുറിപ്പുകൾ’
കൊച്ചി ആവിഷ്കാരത്തിന്റെയും ആസ്വാദനത്തിന്റെയും മറ്റൊരു തീരത്തേക്കുള്ള യാത്രയായി മാറുകയാണ് നോട്ട്‌സ് ഫ്രം അനദർ ഷോർ. നാല് അറബ് കലാപ്രവർത്തകരുടെ രചനകൾ സമാഹരിച്ചാണ് ദർബാർഹാൾ ആർട്ട് ഗ്യാലറിയിൽ പ്രദർശനം ഒരുക്കിയത്. സമകാല അറബ് രാഷ്‌ട്രീയവും ദേശ, സ്ഥല ചരിത്രവും വ്യക്തിനിഷ്‌ഠമായ ഓർമകളും പ്രമേയങ്ങളാകുന്ന രചനകൾ പുതുമയുള്ള ശൈലിയിലൂടെയും മാധ്യമങ്ങളിലൂടെയും വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുന്നു. അനുയോജ്യമായ രചനാ മാധ്യമങ്ങൾ പ്രമേയ സ്വീകരണത്തിലും രചനാസങ്കേതത്തിലും വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുന്നു. യുഎഇ സാംസ്‌കാരികവകുപ്പും റിസ്‌ഖ് ആർട്ട് ഇനീഷ്യേറ്റീവുമായി ചേർന്ന് കേരള ലളിതകലാ അക്കാദമിയാണ് ആഗസ്‌ത് 18 വരെ നീളുന്ന പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. അൽ അയ്‌ൻ സ്വദേശി ഹാഷെൽ അൽ ലാംകി ഓർമകളുടെ മറുകരകളിലേക്ക് നടത്തുന്ന സഞ്ചാരം വ്യത്യസ്‌തമായ രചനകളിലൂടെ സാക്ഷാൽക്കരിച്ചിരിക്കുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വസ്‌ത്രങ്ങൾ കൊണ്ടുവന്ന പെട്ടികളുടെ കട്ടിക്കടലാസിൽ ജലച്ചായത്തിൽ വരച്ച ചിത്രങ്ങൾ 59 ചെറു ഫ്രയിമുകളിലായി കാണാം. പിതാവിന്റെ വിയോഗം മറ്റുള്ള ബന്ധുക്കൾക്കുണ്ടായതിൽനിന്ന് വ്യത്യസ്‌തമായ അനുഭവമായി മാറിയപ്പോഴാണ് ഈ ചിത്രങ്ങൾ പിറന്നതെന്ന് അദ്ദേഹം ചിത്രത്തിന്റെ അടിക്കുറിപ്പിൽ പറയുന്നു. കോവിഡ് കാലത്ത് പ്രഭാതനമസ്കാരത്തിനുശേഷം കുടുംബാംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക് അയച്ച ചിത്രസന്ദേശങ്ങളാണ് എണ്ണച്ചായ ചിത്ര പരമ്പരയിലുള്ളത്. പ്രകൃതിവർണങ്ങളും എണ്ണച്ചായവും ഒറ്റയ്‌ക്കും ഒന്നിച്ചും ഉപയോഗിച്ചിട്ടുള്ള അഞ്ചു നെടുനീളൻ കാൻവാസുകളും ഈ യുവകലാകാരന്റെ രചനകാലത്തിന്റെ വ്യത്യസ്‌തതലങ്ങൾ കാട്ടിത്തരുന്നു. അൽ റുവൈസ്‌കാരിയായ അൽമഹാ ജറല്ല, ദുബായ് സ്വദേശിയായ ലതീഫ സയ്യിദ്, ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈജിപ്‌ഷ്യൻ–-പലസ്‌തീനിയൻ ചിത്രകാരൻ സോ ഷലാബി എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന മറ്റു കലാകാരന്മാർ. ഗൾഫ് നാടുകളുടെ ചരിത്രത്തെ ദേശത്തിന്റെയും വാസ്‌തുനിർമിതികളുടെയും വ്യത്യസ്‌ത ചിത്രീകരണത്തിലൂടെ ആവിഷ്‌കരിക്കുന്നതാണ് ജറല്ല, ഇരുണ്ടവർണങ്ങളുടെ ധാരാളിത്തത്തിലൂടെ നടത്തിയിട്ടുള്ള രചനകൾ. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകം ചർച്ചചെയ്യുമ്പോൾ ഇന്ദ്രിയാനുഭവങ്ങളെല്ലാം സമ്മേളിപ്പിച്ച് ലതിഫ നടത്തിയിട്ടുള്ള ഇൻസ്‌റ്റലേഷൻ പുതിയ അനുഭവമാകും. വിഖ്യാത രചനാശൈലികളെ സംയേജിപ്പിച്ചും പുനർ വ്യാഖ്യാനിച്ചും സാമോ ഷലാബി നടത്തിയിട്ടുള്ള രചനകൾ ഈ പ്രദർശനത്തിലെ വേറിട്ട കാഴ്‌ചാനുഭവമാണ്. Read on deshabhimani.com