വ്യാജ അഭിഭാഷക സെസി സേവ്യർ അറസ്‌റ്റിൽ



ആലപ്പുഴ> ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ കീഴടങ്ങി. മാസങ്ങളായി ഒളിവിലായിരുന്നു. പ്രതിയെ റിമാൻഡ്‌ ചെയ്‌തു. നിയമബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്‌ടീസ്‌ ചെയ്‌തതിനെത്തുടർന്നാണ്‌ രാമങ്കരി നീണ്ടിശേരി സെസി സേവ്യറിനെതിരെ കേസ്‌ എടുത്തത്‌. നിയമബിരുദം നേടാതെ മറ്റൊരാളുടെ എൻറോൾമെന്റ് നമ്പറിലായിരുന്നു പ്രാക്ടീസ്.   മുതിർന്ന അഭിഭാഷകന്റെ ഓഫീസിൽ അവസാനവർഷ നിയമവിദ്യാർഥിയെന്ന്‌​ പറഞ്ഞാണ്​ എത്തിയത്​. പിന്നീട്​ അഭിഭാഷകയായി എൻറോൾ ചെയ്‌തെന്ന്​ പറഞ്ഞ്​ ബാർ ​അസോസിയേഷനിൽ അംഗമായി. ജില്ലാ കോടതിയിൽ ഉൾപ്പെടെ നടപടികളിൽ പ​ങ്കെടുത്തു.  ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിലും വിജയിച്ചു.  ഒട്ടേറെ കേസുകളിൽ കമീഷനുമായി. ഇതിനിടെയാണ്‌ സെസിക്ക്‌ നിയമബിരുദമില്ലെന്ന അജ്‌ഞാതകത്ത്‌ ബാർ അസോസിയേഷന്‌ കിട്ടിയത്‌. യോഗ്യതയുടെ രേഖകൾ ഹാജരാക്കാൻ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും  ചെയ്‌തില്ല. തുടർന്ന്‌ ബാർ അസോസിയേഷൻ സെസിയെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്   കേസെടുത്തിരുന്നത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തി. നേരത്തെ ആലപ്പുഴ ഫസ്​റ്റ്​ ക്ലാസ്​ മജിസ്‌ട്രേട്ട്‌​ കോടതിയിൽ കീഴടങ്ങാനെത്തിയ ഇവർ  ജാമ്യമില്ലാവകുപ്പ്‌ ചുമത്തിയതറിഞ്ഞാണ്‌​ കോടതി വളപ്പിലെ പിറകുവശത്തെ ഗേറ്റ് വഴി മുങ്ങിയത്‌. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ  തള്ളി. അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. Read on deshabhimani.com

Related News