പിഎസ്‌സിക്കെതിരെ വീണ്ടും ആക്രമണം: ഉദ്യോഗാർത്ഥികളുടെ ഡാറ്റ ചോർന്നെന്ന് വ്യാജപ്രചരണം
തിരുവനന്തപുരം > പിഎസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത 65 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ വിവരം ചോര്‍ന്നുവെന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധവും അനാവശ്യമായ ആശങ്കയുണ്ടാക്കുന്നതുമാണെന്ന് പബ്ലിക് സർവീസ് കമീഷൻ. വ്യക്തികള്‍ ഉപയോഗിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ വിവരം ചോര്‍ത്തുന്ന ആപ്പുകള്‍ (സ്റ്റീലര്‍ മാല്‍വെയര്‍) ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതുവഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റ് ഡാര്‍ക്ക് വെബില്‍ ലഭ്യമാക്കാനുള്ള സാധ്യതയുള്ളതിനാല്‍ പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ പാസ്‌വേഡിനു പുറമെ ഒടിപി സംവിധാനം കൂടി ഉപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാക്കാന്‍ കമീഷന്‍ തീരുമാനിച്ചിരുന്നു. ജൂലൈ ഒന്നുമുതല്‍ ഈ ടൂ ഫാക്ടര്‍ ഓഥന്റിക്കേഷന്‍ സംവിധാനം നിലവില്‍ വന്നിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ കേരള പിഎസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത 65 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിഎസ്‌സി അറിയിച്ചു. Read on deshabhimani.com