വയനാടിന്‌ എന്തുവേണം, അറിയാം ഒറ്റ ക്ലിക്കിൽ

ഫെയർകോഡ് ഇൻഫോടെക് കമ്പനിയുടെ ഡയറക്ടർമാരായ വിഷ്ണു, നവീൻ, രജിത്


കൽപ്പറ്റ > ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ എത്തുന്ന സാധന വിവരങ്ങൾ വിരൽത്തുമ്പിലാക്കി ഫെയർകോഡ്‌. അവശ്യസാധനങ്ങളുടെ കണക്ക്‌ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നതാണ്‌ ഫെയർകോഡ്‌ ഇൻഫോടെക്‌ എന്ന ഐടി കമ്പനി സജ്ജമാക്കിയ ഇആർപി സോഫ്‌റ്റ്‌വെയർ. ക്യാമ്പുകളുടെ പ്രവർത്തനവും സാധനങ്ങളുടെ കൈമാറ്റവും എളുപ്പമാക്കുന്നതിനൊപ്പം അവയുടെ ലഭ്യത ഉറപ്പാക്കാനും ഇതുവഴി കഴിയുന്നു. വയനാടിനായി നാടൊന്നിച്ചപ്പോൾ ധാരാളം വസ്തുക്കൾ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും എത്തിക്കുന്നുണ്ട്‌. കൽപ്പറ്റ  സെന്റ്‌ ജോസഫ്‌ സ്‌കൂളിലെ കലക്‌ഷൻ പോയിന്റിലാണ്‌ ഇവയെല്ലാം എത്തുക. നേരിട്ട്‌ ക്യാമ്പിൽ സ്വീകരിക്കില്ല. ഇങ്ങനെ എത്തുന്നവ ഉദ്യോഗസ്ഥർ പരിശോധിക്കും. ഇത്‌ കൃത്യമായി ഇആർപി സോഫ്‌റ്റ്‌വെയറിൽ ചേർക്കും. ഓരോ ക്യാമ്പിലും ആവശ്യമുള്ളവയുടെ പട്ടിക ചുമതലയുള്ള ഉദ്യോഗസ്ഥർ കലക്‌ഷൻ സെന്ററിൽ അറിയിക്കും. അതനുസരിച്ച്‌ അവിടെനിന്ന്‌ സാധനങ്ങളെത്തിക്കും. ഇല്ലാത്തവയുടെ പട്ടികയും സോഫ്റ്റ്‌വെയറിൽ ലഭ്യം. ജനങ്ങൾക്കും നോക്കാവുന്ന  രീതിയിലാണ്‌ ക്രമീകരണം. ഇതിനെല്ലാം  ചുമതലക്കാരുണ്ട്‌. അവരുടെ അനുമതിയില്ലാതെ സാധനം കേന്ദ്രത്തിൽ ഏൽപ്പിക്കാനോ കൊണ്ടുപോകാനോ കഴിയില്ല. ഫെയർകോഡ്‌ സ്‌റ്റാർട്ടപ്പ്‌ സംരംഭത്തിലെ 95 അംഗങ്ങളാണ്‌ സോഫറ്റ്‌വെയർ തയ്യാറാക്കിയത്‌. രജിത്‌ രാമചന്ദ്രനുൾപ്പെടെ നാലുപേരാണ്‌ വയനാട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നത്‌. കോവിഡ്‌ കാലത്ത് ബീവറേജിൽ മദ്യം വാങ്ങാൻ  ‘ബെവ്‌ക്യൂ’ ആപ്പും കെഎസ്‌ഇബിക്കുള്ള ആപ്പും തയ്യാറാക്കിയത്‌ ഫെയർകോഡാണ്‌. ആയുഷ്‌ മിഷനുവേണ്ടിയുള്ള ആപ്‌ പണിപ്പുരയിലാണ്‌. Read on deshabhimani.com

Related News