എഫ്‌സിഐ ഇ ടെൻഡർ: 
സപ്ലൈകോയ്‌ക്കുള്ള വിലക്ക്‌ നീക്കും



ന്യൂഡൽഹി എഫ്‌സിഐ ഗോഡൗണുകളിലെ ഇ–-ടെൻഡറിൽ പങ്കെടുക്കാൻ സപ്ലൈകോ അടക്കമുള്ള സർക്കാർ ഏജൻസികൾക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ പിൻവലിക്കാമെന്ന്‌ കേന്ദ്രസർക്കാർ. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രല്‍ഹാദ് ജോഷി ഇക്കാര്യം ഉറപ്പുനൽകിയെന്ന്‌ സംസ്ഥാന ഭക്ഷ്യ–- പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. പൊതുവിപണി വിൽപ്പന പദ്ധതിയുടെ ഭാഗമായി എഫ്‌സിഐ ഗോഡൗണുകളിലെ ഇ–-ടെണ്ടറിൽ പങ്കെടുത്ത്‌ അരിയും ഗോതമ്പും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ സംഭരിക്കാൻ സർക്കാർ ഏജൻസികൾക്ക്‌ നേരത്തെ അനുമതിയുണ്ടായിരുന്നു. ഇത്‌ പിൻവലിച്ച കേന്ദ്രതീരുമാനം ഏറ്റവും ബാധിച്ചത്‌ ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തെയാണെന്ന്‌ കൂടിക്കാഴ്‌ചയിൽ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയെന്ന്‌ ജി ആർ അനിൽ പറഞ്ഞു. അരി നിയന്ത്രണം നീക്കും റേഷൻ കടകളിലൂടെ പ്രതിമാസം വിതരണം ചെയ്യുന്ന അരിയുടെ അളവിലേർപ്പെടുത്തിയ നിയന്ത്രണവും നീക്കും. മുൻഗണനേതര വിഭാഗക്കാർക്ക്‌ നൽകുന്നതിനായി കേരളത്തിന്‌ അധികവിഹിതമായി അനുവദിക്കുന്ന 3.99 ലക്ഷം മെട്രിക്ക്‌ ടൺ ഭക്ഷ്യധാന്യത്തിൽ വർധനവ്‌ വരുത്തണമെന്ന്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ടു. അധികവിഹിതമായി അനുവദിക്കുന്ന 3.99 ലക്ഷം മെട്രിക്ക്‌ ടൺ അരിയിൽ പ്രതിമാസം വിതരണം ചെയ്യാനാവുക 33250 ടൺ അരിയാണ്‌. ഒരു മാസം ഇതിൽ കൂടുതൽ വിതരണം ചെയ്‌താൽ കേന്ദ്രം പിഴ ഈടാക്കും. ഓണം, ക്രിസ്‌മസ്‌ തുടങ്ങിയ ആഘോഷവേളകളിൽ അത്‌ പ്രതിസന്ധിയാകാറുണ്ട്‌. പ്രതിമാസ നിയന്ത്രണം എന്നത്‌ ത്രൈമാസ നിയന്ത്രണത്തിലേക്ക്‌ മാറ്റാമെന്ന്‌ കേന്ദ്രമന്ത്രി ഉറപ്പുനൽകി. കേരളത്തിന്‌ അധികവിഹിതമായി അനുവദിച്ചിരുന്ന ഗോതമ്പ്‌ നിർത്തലാക്കിയ തീരുമാനവും പുനപരിശോധിക്കും. 2022 ജൂൺ വരെ 6450 ടൺ ഗോതമ്പ്‌ കേരളത്തിന്‌ അധികവിഹിതമായി അനുവദിച്ചിരുന്നു. പിന്നീട്‌ കേന്ദ്രം നിർത്തലാക്കി. ഗോതമ്പ്‌ ഉൽപ്പാദനം കുറഞ്ഞതിനാലാണ്‌ അധികവിഹിതം നിർത്തലാക്കിയതെന്നും ഉൽപ്പാദനം വർധിക്കുന്ന മുറയ്‌ക്ക്‌ പുനസ്ഥാപിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നെല്ല്‌ സംഭരണം: കേന്ദ്രം നൽകാനുള്ളത്‌ 647 കോടി നെല്ല്‌ സംഭരണ വിലയായി നടപ്പുവർഷം ഇതുവരെ 1194 കോടി രൂപ കർഷകർക്ക്‌ കൈമാറി. 1584 കോടി രൂപയാണ്‌ സംഭരണ വിലയായി നൽകേണ്ടിയിരുന്നത്‌. ശേഷിക്കുന്ന 390 കോടികൂടി കൈമാറാനുള്ള നടപടികൾ തുടർന്നുവരികയാണ്‌. 1.98 ലക്ഷം കർഷകരിൽ നിന്നും 5.59 ലക്ഷം ടൺ നെല്ലാണ്‌ സംഭരിച്ചത്‌. നെല്ല്‌ സംഭരണത്തിനായി എംഎസ്‌പി ഇനത്തിൽ കേന്ദ്രത്തിൽ നിന്നും 647 കോടി രൂപ കൂടി കിട്ടാനുണ്ട്‌–- മന്ത്രി അനിൽ അറിയിച്ചു.   Read on deshabhimani.com

Related News