നിർഭയത്വം എഴുത്തിന്റെ മുഖമുദ്ര: വിജയരാജമല്ലിക
കണ്ണൂർ > ‘‘അധിക്ഷേപിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഒരു ലോകം പിറകിലുണ്ട്. തിരിഞ്ഞുനോക്കാതെ ഇനിയും മുന്നോട്ടു നടക്കും’’ –-ട്രാൻസ് ജെൻഡർ എഴുത്തുകാരി വിജയരാജമല്ലിക പറഞ്ഞത് എഴുത്തിലെയും ജീവിതത്തിലെയും പോരാട്ടത്തെക്കുറിച്ചാണ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളന പ്രതിനിധിയായാണ് വിജയരാജമല്ലിക കണ്ണൂരിലെത്തിയത്. ‘‘എഴുത്താൾ എന്ന സ്വത്വത്തിൽ നിൽക്കാനാണ് എനിക്ക് ആഗ്രഹം. നിർഭയത്വമാണ് ഇന്നും ഞാൻ കൈവിടാതെ മുറുക്കെപ്പിടിക്കുന്നത്. ചുറ്റുമുള്ള ലോകത്തിന്റെ അന്തഃസത്തയെ തിരിച്ചറിഞ്ഞാൽ പിന്നെ അതിജീവനത്തിന്റെ പാതയിൽ നടക്കണം. ക്രിയാത്മകവും സർഗാത്മകവുമായ ജീവിതത്തിന് ഒരു ട്രാൻസ്‌ജൻഡറിന് കടമ്പകളേറെയുണ്ട്. മാറ്റങ്ങൾക്ക് തുടക്കമിടുന്നവർക്കും തുടർജീവിതം വെല്ലുവിളികളുടേതാണ്’’–-വിജയരാജമല്ലിക പറഞ്ഞു. തൃശൂർ സ്വദേശിയായ വിജയരാജമല്ലിക 2018 മുതൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്. Read on deshabhimani.com