ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കണം ; കേന്ദ്രത്തിന്‌ താക്കീതായി ധനമന്ത്രിമാരുടെ കോൺക്ലേവ്‌

ധനമന്ത്രിമാരുടെ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബ് ധനമന്ത്രി സർദാർ ഹർപാൽ സിങ് ചീമയുമായി സൗഹൃദം പങ്കിടുന്നു


തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവച്ച കൂട്ടായ്‌മ ഏറ്റെടുത്ത്‌ വിപുലമാക്കാനൊരുങ്ങി ഇതര സംസ്ഥാനങ്ങളും. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ യൂണിയൻ സർക്കാർ തയ്യാറാകണമെന്ന് കോൺക്ലേവ്‌ ആവശ്യപ്പെട്ടു. ഇതിനായി യോജിച്ച്‌ പ്രവർത്തിക്കും. കേന്ദ്ര ധനകമീഷനുമായി ചർച്ച തുടരാനും കേരളം ആതിഥേയത്വം വഹിച്ച അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ്‌ തീരുമാനിച്ചു. 16–-ാം ധനകമീഷനു മുന്നിൽ യോജിച്ച നിലപാടെടുക്കാൻ തിരുവനന്തപുരം ഹയാത്ത്‌ റീജൻസിയിൽ നടന്ന കോൺക്ലേവിൽ കേരളത്തിനു പുറമേ, കർണാടകം, തമിഴ്‌നാട്‌, തെലങ്കാന, പഞ്ചാബ്‌ എന്നിവിടങ്ങളിൽനിന്നുള്ള ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. കോൺക്ലേവ്‌ സംഘടിപ്പിക്കാൻ മുൻകൈയെടുത്ത കേരളത്തെ മറ്റു സംസ്ഥാന മന്ത്രിമാർ അഭിനന്ദിച്ചു. കേരളം കാണിച്ച മാതൃകയിൽ വിവേചനം നേരിടുന്ന സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച്‌ അടുത്ത കോൺക്ലേവ്‌ ബംഗളൂരുവിൽ സംഘടിപ്പിക്കുമെന്ന്‌ കർണാടകം റവന്യുമന്ത്രി കൃഷ്‌ണബൈരെ ഗൗഡ പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാദിത്യ മല്ലു, തമിഴ്‌നാട്‌ ധനമന്ത്രി തങ്കം തെന്നരസ്‌, പഞ്ചാബ്‌ ധനമന്ത്രി സർദാർ ഹർപാൽ സിങ്‌ ചീമ എന്നിവർ സംസാരിച്ചു. ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും ധനവകുപ്പ്‌ (എക്‌സ്‌പെൻഡിച്ചർ) സെക്രട്ടറി കേശവേന്ദ്രറാവു നന്ദിയും പറഞ്ഞു.  വിവിധ സംസ്ഥാനങ്ങളുടെ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ സാമ്പത്തിക വിദഗ്‌ധർ എന്നിവർ പങ്കെടുത്ത പ്രത്യേക സെഷനിൽ കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്‌ ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി. Read on deshabhimani.com

Related News