പ്രതികൾക്കെതിരെ വധശ്രമത്തിനും കേസ്‌ നീലേശ്വരം വെടിക്കെട്ടപകടം: ഒരാൾകൂടി അറസ്‌റ്റിൽ



നീലേശ്വരം നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻതറയ്‌ക്ക്‌ സമീപത്തെ കെ വി വിജയനെ (65) യാണ്‌ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് അറസ്‌റ്റുചെയ്‌തത്‌. കഴിഞ്ഞദിവസം അറസ്‌റ്റിലായ രാജേഷിനൊപ്പം അപകടകരമായ രീതിയിൽ പടക്കത്തിന് തീകൊളുത്താൻ വിജയനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കേസിൽ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ ടി ഭരതൻ, വെടിമരുന്നിന് തീകൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ്‌ എന്നിവർ റിമാൻഡിലാണ്. ഇവർക്ക് പുറമെ ക്ഷേത്രം ഭാരവാഹികളായ എ വി ഭാസ്‌കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, ശശി എന്നിവർകൂടി പ്രതികളാണ്. ഭാരതീയ ന്യായസംഹിത 109 (1) പ്രകാരം വധശ്രമത്തിനും 3 (എ) സ്‌ഫോടക വസ്‌തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്‌തതിനുമാണ്‌ കേസെടുത്തത്‌. അനുമതിയും ലൈസന്‍സുമില്ലാതെ സുരക്ഷാ മാനദണ്ഡം പാലിക്കാതെ അശ്രദ്ധമായാണ് വെടിക്കെട്ട് നടത്തിയതെന്നും എഫ്‌ഐആറില്‍ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സയിൽ 98 പേർ; 7 പേർ വെന്റിലേറ്ററിൽ കാസർകോട്‌ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരിൽ 98പേർ ചികിത്സയിൽ തുടരുന്നു. 7 പേർ വെന്റിലേറ്ററിൽ. കോഴിക്കോട്‌ മിംസിൽ നാല്‌, കണ്ണൂർ മിംസിൽ രണ്ട്‌, കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്ന്‌ എന്നിങ്ങനെയാണ്‌ വെന്റിലേറ്ററിലുള്ളത്‌. ഇവരടക്കം എട്ടുപേരാണ്‌ അത്യാസന്ന നിലയിലാണ്‌.കോഴിക്കോട്‌, കണ്ണൂർ, കാഞ്ഞങ്ങാട്‌, മംഗളൂരു എന്നിവിടങ്ങളിലെ 13 ആശുപത്രികളിലായി 29 പേർ ഐസിയുവിലുണ്ട്‌. കണ്ണൂർ മിംസ്‌ (26), മംഗളൂരു എജെ (21), കാഞ്ഞങ്ങാട്‌ ഐ ഷാൾ മെഡിസിറ്റി (15) എന്നിവിടങ്ങളിലാണ്‌ കൂടുതൽ പേരുള്ളത്‌. കോഴിക്കോട്‌ മിംസിലുള്ള കെ രതീഷ്‌ (32), ഷബിൻ രാജ്‌ (19) എന്നിവർക്ക്‌ 60 ശതമാനം പൊള്ളലുണ്ട്‌. മംഗളൂരു ആശുപത്രിയിലെ ഒമ്പതുപേർക്ക്‌ 35 മുതൽ 65 ശതമാനംവരെ പൊള്ളലുണ്ട്‌. Read on deshabhimani.com

Related News