പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടിക്ക്



  തിരുവനന്തപുരം > സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള  പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്.  പ്രസിദ്ധീകരണത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരിയില്‍ സമ്മാനിക്കുമെന്ന്  ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദനും ജനറല്‍ മാനേജര്‍ കെ ജെ തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ യശസ്സുയര്‍ത്തിയ സാഹിത്യ-സാംസ്കാരിക സംഭാവനകള്‍ കണക്കിലെടുത്താണ് എം ടിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. എം ടി എന്ന് മലയാളികള്‍ അഭിമാനപൂര്‍വം ഉരുവിടുന്ന രണ്ടക്ഷരം ഇന്ന് രാജ്യത്തിന്റെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നു. എഴുത്തുകാരന്‍, പത്രാധിപര്‍, ചലച്ചിത്രകാരന്‍, സാംസ്കാരികപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ തിളങ്ങുന്ന ബഹുമുഖപ്രതിഭയാണദ്ദേഹം. സാഹിത്യത്തിനുള്ള  ജ്ഞാനപീഠപുരസ്കാരം നേടിയ എം ടി ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരനുമാണ്. നോവലും കഥകളുമായി മലയാളിക്ക് വിശിഷ്ടമായ സര്‍ഗപ്രപഞ്ചം അദ്ദേഹം സമ്മാനിച്ചു. വിവര്‍ത്തനങ്ങളിലൂടെ മറുനാട്ടുകാര്‍ക്കും എം ടി കൃതികള്‍ പരിചിതമാണ്.  എട്ട് നോവലുകള്‍, പതിനെട്ട് കഥാസമാഹാരങ്ങള്‍, മൂന്ന് ബാലസാഹിത്യകൃതികള്‍, മൂന്ന് സാഹിത്യപഠനങ്ങള്‍, രണ്ട് പ്രബന്ധസമാഹാരങ്ങള്‍, രണ്ട് യാത്രാവിവരണങ്ങള്‍, ഒരു നാടകം തുടങ്ങിയവ എം ടിയില്‍നിന്ന് ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ചു. ദേശാഭിമാനിയുടെ പ്രഥമപുരസ്കാരം എം ടിക്ക് നല്‍കുന്നതിനൊപ്പം ഫെബ്രുവരിയില്‍ കോഴിക്കോട്ട്  വിപുലമായ എം ടി സാഹിത്യോത്സവവും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളില്‍ സമഗ്രസംഭാവന നല്‍കിയ പ്രതിഭകളെ എല്ലാ വര്‍ഷവും പുരസ്കാരം നല്‍കി ആദരിക്കും. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജ്, കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ ആര്‍ എസ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.   പ്ളാറ്റിനം ജൂബിലി ദേശാഭിമാനി സാഹിത്യസമ്മാനം ഏര്‍പ്പെടുത്തുന്നു തിരുവനന്തപുരം > പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മലയാള സാഹിത്യശാഖകള്‍ക്കായി ദേശാഭിമാനി ഒരു ലക്ഷം രൂപ വീതം അടങ്ങുന്ന സമ്മാനം ഏര്‍പ്പെടുത്തുന്നു.  നോവല്‍, കഥാസമാഹാരം, കവിതാസമാഹാരം, മറ്റുസാഹിത്യശാഖകള്‍ എന്നീ നാല് ഇനങ്ങളിലാണ് സമ്മാനമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദനും ജനറല്‍ മാനേജര്‍ കെ ജെ തോമസും  അറിയിച്ചു പ്രസിദ്ധീകരണം തുടങ്ങി 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദേശാഭിമാനി വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലാണ്. 1942 സെപ്തംബറില്‍ വാരികയായി പ്രസിദ്ധീകരണം ആരംഭിച്ച ദേശാഭിമാനി 1946 ജനുവരിയില്‍ ദിനപത്രമായി.  സിപിഐ എം മുഖപത്രം എന്നതിനൊപ്പം പൊതുവാര്‍ത്താപത്രം എന്ന നിലയിലും അഭിമാനകരമായ വളര്‍ച്ച കൈവരിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പംക്തികള്‍ ദേശാഭിമാനിയുടെ പ്രത്യേകതയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിജ്ഞാനോത്സവമായി മാറിക്കഴിഞ്ഞു. വിവിധ സാഹിത്യശാഖകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷം മുതല്‍ നല്‍കുന്ന സമ്മാനങ്ങളുടെ ലക്ഷ്യം. ഒട്ടേറെ സാഹിത്യപ്രതിഭകളുടെ വളര്‍ച്ചയുടെ ആദ്യനാളുകള്‍ ദേശാഭിമാനിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മലയാള സാഹിത്യശാഖകളെ പരിപോഷിപ്പിക്കുന്നതില്‍ തുടര്‍ന്നും പങ്കുവഹിക്കുക എന്നതാണ് സാഹിത്യസമ്മാനങ്ങളുടെ ലക്ഷ്യം.  2015 ജനുവരി ഒന്നുമുതല്‍ 2016 നവംബര്‍വരെയുള്ള കാലയളവിലെ രചനകള്‍ക്കാണ് പ്രഥമ സമ്മാനം. ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചവയും പ്രസിദ്ധീകരിക്കാത്തതുമായ സൃഷ്ടികള്‍ സമ്മാനത്തിന് പരിഗണിക്കും.—രചയിതാക്കള്‍ക്കും പ്രസാധകര്‍ക്കും കൃതികള്‍ അയക്കാം. രചനകള്‍ അടുത്തമാസം 15നകം ജനറല്‍ മാനേജര്‍, ദേശാഭിമാനി, തിരുവനന്തപുരം, തമ്പാനൂര്‍ പിഒ, പിന്‍ 695001 എന്ന വിലാസത്തില്‍ ലഭിക്കണം. മൂന്നുകോപ്പി വീതം അയക്കണം. കവറിനുപുറത്ത് ദേശാഭിമാനി സാഹിത്യസമ്മാനം എന്ന് രേഖപ്പെടുത്തണം. നാല് സാഹിത്യശാഖകളിലെയും പ്രമുഖരുള്‍പ്പെടുന്ന സമിതികളാണ് സമ്മാനജേതാക്കളെ തെരഞ്ഞെടുക്കുക. 2017 ഫെബ്രുവരിയില്‍ കോഴിക്കോട്ട്  പുരസ്കാരങ്ങള്‍ വിതരണംചെയ്യും. Read on deshabhimani.com

Related News