മീന്‍ കച്ചവടം ഉഷാറാക്കണം: അഷ്‌കറിനെ തേടിയെത്തിയത് 70 ലക്ഷത്തിന്റെ ഭാഗ്യം



പറവൂര്‍> സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മീന്‍ കച്ചവടക്കാരന്. മൂന്നാം തീയതി നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്‌കറിനെ തേടിയെത്തിയത്. മുനമ്പത്തു നിന്നു മത്സ്യം വാങ്ങി പറവൂര്‍ ചന്തയില്‍ ചില്ലറ വില്‍പന നടത്തുന്നയാളാണ് അഷ്‌കര്‍. മത്സ്യക്കച്ചവടത്തില്‍ പിന്നോക്കം നില്‍ക്കുന്ന സമയത്താണ് ഭാഗ്യദേവത കടാക്ഷിച്ചത്. എല്ലാ ദിവസവും അഞ്ച് ടിക്കറ്റെടുക്കും. ചെറിയ സമ്മാനങ്ങള്‍ മുന്‍പു ലഭിച്ചിട്ടുണ്ട്. മൂന്നാം തീയതി രാവിലെ ചന്തയില്‍ വച്ചു ചില്ലറ വില്‍പനക്കാരന്‍ തമിഴ്‌നാട് സ്വദേശി ഫാഹില്‍ എന്നയാളില്‍ നിന്നു വാങ്ങിയ AV 814879 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്. ഭാര്യയ്ക്കു കൂലിപ്പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. കൈതാരം ഗവ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇളയമകന്‍.അഷ്‌കറിനൊപ്പമാണു വാപ്പയും ഉമ്മയും താമസിക്കുന്നത്. വീടു പണിയാന്‍ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറിയപ്പിള്ളിയിലെ എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. സമ്മാന തുക കിട്ടിയാല്‍ എട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയ ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങാനാണു താല്‍പര്യമെന്ന് അഷ്‌കര്‍ പറഞ്ഞു.ഇപ്പോഴുള്ള വീട്ടില്‍ വേലിയേറ്റ സമയത്തു വെള്ളം കയറും. ഇതിനാല്‍ കുറച്ചുകൂടി സൗകര്യമുള്ള മറ്റൊരു സ്ഥലവും വീടും നോക്കണം. ബാക്കി തുക ഉപയോഗിച്ചു മീന്‍കച്ചവടം ഉഷാറാക്കാനാണ് തീരുമാനമെന്നും അഷ്‌കര്‍ പറഞ്ഞു.   Read on deshabhimani.com

Related News