കിളിമീൻ ഉൽപ്പാദനം വർധിച്ചതായി പഠനം



കൊച്ചി ചെറുമീൻ പിടിത്തം തടയാനുള്ള മിനിമം ലീഗൽ സൈസ് (എംഎൽഎസ്) നിയന്ത്രണം നടപ്പാക്കിയതോടെ കിളിമീൻ ഉൽപ്പാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. ചെറുമീനുകളായിരിക്കെത്തന്നെ ഏറ്റവും കൂടുതൽ പിടിച്ച മീൻ ഇനമാണിത്‌. കിളിമീൻ, ചാള, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നിവയെ ചെറുതായിരിക്കുമ്പോൾ പിടിക്കുന്നതിന്റെ ഭാഗമായി ഏഴുവർഷത്തിനുള്ളിൽ 1777 കോടിയുടെ നഷ്ടമുണ്ടായി. ഈ അഞ്ചു മീൻ ഇനങ്ങളുടെമാത്രം ശരാശരി വാർഷികനഷ്ടം 216 കോടിയാണെന്നും പഠനം വ്യക്തമാക്കുന്നു. ‘കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിൽ സിഎംഎഫ്ആർഐയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് പഠനം അവതരിപ്പിച്ചത്. നിരോധനത്തിനുശേഷം കിളിമീനുകളുടെ അംഗസംഖ്യയും പ്രജനന മൊത്തലഭ്യതയും വർധിച്ചതായി പഠനത്തിലുണ്ട്‌. എംഎൽഎസ് നിയന്ത്രണം മൂല്യശൃംഖലയിലുടനീളം നടപ്പാക്കുന്നത് ഗുണമാകും. വലയുടെ കണ്ണിവലിപ്പനിയന്ത്രണം കർശനമായി പാലിക്കുന്നത് കൂടുതൽ ഫലപ്രദമാകും. ചെറുമീനുകളെ പിടിക്കാതിരുന്നാൽ മത്സ്യമേഖലയ്‌ക്ക് അധികലാഭമുണ്ടാക്കാനും വംശനാശം തടയാനുമാകുമെന്നും വിലയിരുത്തി.   സിഎംഎഫ്ആർഐയുടെ വിവിധ ഗവേഷണഫലങ്ങൾ മത്സ്യത്തൊഴിലാളികളും അനുബന്ധമേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്യാനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. യാനങ്ങളുടെ വർധന, നശീകരണ മീൻപിടിത്തരീതികൾ, ചെറുമീൻപിടിത്തം, ചെമ്മീനിന്റെ വിലക്കുറവ്, മാലിന്യപ്രശ്നങ്ങൾ, മീൻസമ്പത്തിന്റെ ശോഷണം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടൽ വേണമെന്ന്‌ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ്‌ എൺവയോൺമെന്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. ഗ്രിൻസൻ ജോർജ് അധ്യക്ഷനായി. ഗവേഷണഫലങ്ങൾ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി എം നജ്മുദ്ധീൻ അവതരിപ്പിച്ചു. ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. എ പി ദിനേശ്ബാബു, ഡോ. വി വി ആർ സുരേഷ്, ഡോ. ആർ വിദ്യ, ഡോ. ലിവി വിൽസൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News