ഫ്ലാഗ് ഫുട്ബോളിൽ ചരിത്രം സൃഷ്‌ടിക്കാൻ ആദിത്യൻ

ആദിത്യനും അമ്മ ജയശ്രിയും


ഇരവിപേരൂർ > ഫ്ലാഗ് ഫുട്ബോളിൽ രാജ്യത്തിനു വേണ്ടി കളിക്കളത്തിൽ ഇറങ്ങാൻ തിരുവല്ല ഓതറ സ്വദേശി.   ഇരവിപേരൂർ കോഴിമലയിൽ ചാരുംമൂട്ടിൽ ജയശ്രീയുടെ മകൻ ആദിത്യനാണ്  ഫ്ലാഗ് ഫുട്ബോളിൽ  ഇന്ത്യക്കായി മത്സരിക്കുന്നത്.  26 മുതൽ 29 വരെ മലേഷ്യയിലെ കോലാലംപുരിൽ നടക്കുന്ന ഏഷ്യ- ഓഷ്യാനിക്  ഫ്ലാഗ് ഫുട്ബോൾ മത്സരത്തിലേക്കുള്ള  ഇന്ത്യൻ ടീമിലേക്കാണ് ആദിത്യൻ തെരഞ്ഞെടുക്കപ്പെട്ടത്. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ആദിത്യനും സഹോദരി ഒന്നാം വർഷ ബിരുദ വിദ്യാർഥിനി ആര്യനന്ദയും കോളേജിലെ കായികതാരങ്ങൾ കൂടിയാണ്.    ഒളിമ്പിക്സിൽ വരെ എത്തിയെങ്കിലും അമേരിക്കൻ കായിക ഇനമായ ഫ്ലാഗ് ഫുട്ബോളിനെ സർക്കാരുകളോ സ്പോർട്സ് കൗൺസിലോ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ചെലവുകൾ  സ്വന്തമായി കണ്ടെത്തണം. ഏഷ്യ-ഓഷ്യാനിക് മേഖലയിലെ മത്സരം മലേഷ്യയിലാണ് നടക്കുന്നത്.  മലേഷ്യയിൽ പോകാൻ ഒന്നേകാൽ ലക്ഷം രൂപ വേണം. ഇതിനു മാർഗവുമില്ല. അങ്കണവാടിയിലേക്ക് ന്യൂട്രിമിക്സ് നിർമിക്കുന്ന കുടുംബശ്രീ യൂണിറ്റിൽ ജോലിയാണ് അമ്മ ജയശ്രീക്ക്. ഇവർക്ക് കിട്ടുന്ന ചെറിയ വരുമാനത്തിലാണ്‌ കുടുംബം കഴിയുന്നത്‌.    അവിടെ വിജയിച്ചാൽ 2024 ഒക്ടോബറിൽ ഫിൻലാൻഡിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാം. ആദിത്യനിപ്പോൾ ഹൈദരാബാദിലെ ക്യാമ്പിലാണ്. 24 വരെയാണ് ക്യാമ്പ്. അതിനുശേഷം മലേഷ്യക്ക് പോകണം. സ്‌പോൺസറെ കണ്ടെത്തി ഒന്നേകാൽ ലക്ഷം രൂപ കിട്ടിയാൽ  മലേഷ്യയിലെത്തി  ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിയുമെന്ന്  അമ്മ ജയശ്രീ പറയുന്നു. ഇതിനായി കാത്തിരിക്കുകയാണ്‌ കുടുംബം.   Read on deshabhimani.com

Related News