ഫ്ലോട്ടിങ് ബ്രിഡ്ജ് ഉടന്‍ തുറക്കും; സുരക്ഷ ഉറപ്പിച്ച് എന്‍ഐടി



തിരുവനന്തപുരം വിനോദസഞ്ചാര സീസൺ ആരംഭിക്കുന്നതോടെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ സുരക്ഷാ പരിശോധനകളുമായി ടൂറിസം വകുപ്പ്. കോഴിക്കോട് നാഷണൽ ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യാണ് സുരക്ഷാപരിശോധനകൾ നടത്തുന്നത്. ബേപ്പൂർ ഫ്ലോട്ടിങ് ബ്രിഡ്ജിൽ നടത്തിയ പരിശോധനയിൽ പാലത്തിന്റെ സുരക്ഷയും സ്ഥിരതയും എൻഐടി സംഘം ഉറപ്പാക്കി. സംസ്ഥാനത്തെ മറ്റ് ആറ് പാലങ്ങളിൽ കൂടി പരിശോധന നടത്തും. കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ മാത്രം പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് എൻഐടി നിർദേശം. ‌തീരദേശ ടൂറിസം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാര വകുപ്പിന്റെയും അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സഹകരണത്തിൽ സംസ്ഥാനത്ത് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ നിർമിച്ചത്. ഫ്ലോട്ടിങ് ബ്രിഡ്ജിൽ കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്‌ഫോമും പാരാസൈയിലിങ് നടത്താനുള്ള സംവിധാനവുമാണ് ക്രമീകരിച്ചിരുന്നത്.   സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനഘടമായിരുന്ന ഫ്ലോട്ടിങ് ബ്രിഡ്ജുകൾ   തിരക്കുകൊണ്ടും ശ്രദ്ധേയമായിരുന്നു. സുരക്ഷയുടെ ഭാ​ഗമായി കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ വേർപ്പെടുത്തി മാറ്റുകയും ചെയ്തിരുന്നു.  മാർച്ചിൽ  ശക്തമായ തിരയിൽപ്പെട്ട് വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം സംഭവിച്ച സാഹചര്യത്തിൽ ഏഴി‍ടങ്ങളിലെയും പ്രവർത്തനം നിർത്തിവച്ചു.   പരിശോധനയ്ക്കായി നിലവിൽ അഡ്വഞ്ചർ ടൂറിസം അവലോകന കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇനിമുതൽ എല്ലാ ആഴ്ചയിലും പ്രത്യേക പരിശോധനയും അവലോകനവും നടത്താനാണ്   തീരുമാനം. Read on deshabhimani.com

Related News