ദുരിതബാധിതര്‍ക്ക് നല്‍കിയ പണം സര്‍ക്കാര്‍ തിരികെ ചോദിച്ചോ? വാര്‍ത്തയുടെ സത്യാവസ്ഥ-VIDEO



കൊച്ചി > പ്രളയ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി നല്‍കിയ പണം സര്‍ക്കാര്‍ തിരിച്ചുപിടിച്ചു എന്നുള്ള ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് മറുപടിയുമായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റീബിള്‍ഡ് കേരള ഇന്‍ഷ്യേറ്റിവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ.വേണു വി ഐഎഎസ് രംഗത്ത്. ദുരിതബാധിതര്‍ക്കുള്ള പണം അനുവദിച്ചപ്പോള്‍ വളരെ ചുരുക്കം ചില ആളുകള്‍ക്ക് അധികമായി പണം ലഭിച്ചുവെന്നും ഇത്തരം ആളുകള്‍ക്ക് മാത്രമാണ് പണം തിരികെ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതര്‍ക്ക് എത്രയുംപെട്ടെന്ന് സഹായം ലഭ്യമാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ധസഹായം നല്‍കുന്നത് 2019 ജനുവരി 31 എന്ന നിലയില്‍ ക്രമപ്പെടുത്തിയപ്പോള്‍, അപ്പീല്‍ നല്‍കുവാനും പുനപരിശോധനക്കുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ വെക്കുവാനുമുള്ള സമയപരിധി നീട്ടിക്കൊടുക്കുകയും ചെയ്തു. കിട്ടിയ ധനസഹായം പോരാ എന്നുള്ളവര്‍ക്ക് പുനപരിശോധന നടത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നല്‍കി. ഇങ്ങനെ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകളില്‍ അര്‍ഹതയുണ്ടെന്ന് മനസിലാക്കി കൂടുതല്‍ തുക വീണ്ടും അനുവദിച്ചു. ഇത്തരത്തില്‍ പണം വീണ്ടും അനുവദിച്ചപ്പോള്‍ ചില ആവര്‍ത്തനങ്ങള്‍ സംഭവിച്ചതായി ശ്രദ്ധയിപ്പെട്ടു. അങ്ങനെ, ആവര്‍ത്തിച്ച് തുക ലഭിച്ചവരോട് അവര്‍ക്ക് അധികമായി കിട്ടിയ തുക തിരിച്ചടക്കാന്‍ ആവശ്യപ്പട്ടതാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് കാരണമായതെന്ന് ഡോ.വേണു പറഞ്ഞു. സംസ്ഥാനത്താകെ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇത്തരത്തില്‍ തുക ആവര്‍ത്തിച്ച് ലഭിച്ചിട്ടുള്ളൂ. അവരോടാണ് അധിക തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടത്. അര്‍ഹമായ തുക ലഭിച്ചു എന്ന് ബോധ്യപ്പെട്ട ഇവരില്‍ ഭൂരിഭാഗം പേരും അവര്ക്ക് അധികമായി കിട്ടിയ പണം തിരിച്ചടക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ 44 പേര്‍ക്ക് ഇത്തരത്തില്‍ തുക അധികമായി ലഭിച്ചുവെന്ന് ബോധ്യപ്പെടുകയും അവര്‍ക്കെല്ലാം നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസ് ലഭിച്ച 44 പേരും അധികത്തുക തിരിച്ചടച്ചു. കോഴഞ്ചേരിയില്‍ 34 പേര്‍ക്കാണ് ഇത്തരത്തില്‍ അധികം തുക കിട്ടിയതായി കണ്ടെത്തിയത്. അതില്‍ 15 പേരും അവര്‍ക്ക് കിട്ടിയ അധികത്തുക തിരിച്ചടച്ചു. ദുരിതാശ്വാസത്തുക തിരിച്ചുചോദിച്ച് എന്നുള്ള വാര്‍ത്തയില്‍ വന്നിട്ടുള്ളത് രണ്ടുപേരാണ്. കോഴഞ്ചേരി മേലുകര കാഞ്ഞിരണ്‍ വീട്ടില്‍ ഗിരീഷ് കുമാറും, മേലുകര അവുതോണ്‍ വീട്ടില്‍ പൊന്നമ്മ രാജനും. ഗിരീഷ് കുമാറിന്റെ വീടിന്റെ അറ്റകുറ്റപ്പണിക്കായി  ആദ്യഘട്ടത്തില്‍ 60,000 രൂപയാണ് കണക്കാക്കിയത്. ആ തുക 2019 ജനുവരി 24ന് അക്കൗണ്ടിലേക്ക് നല്‍കി. അതിനു ശേഷം ഗിരീഷ് അപ്പീല്‍ നല്‍കുകയും, ആ അപ്പീല്‍ പരിഗണിച്ച്‌പ്പോള്‍ 1.25 ലക്ഷം രൂപയുടെ കാറ്റഗറിക്കാണ് അദ്ദേഹത്തിന് അര്‍ഹതയുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു. അപ്പോള്‍ മുന്‍പ് നല്‍കിയ 60,000 രൂപ കുറച്ചുകൊണ്ടുള്ള തുകയായിരുന്നു വീണ്ടും അനുവദിക്കേണ്ടിയിരുന്നത്. പക്ഷേ, നല്‍കിയപ്പോള്‍ മുഴുവന്‍ തുകയായ 1.25 ലക്ഷം രൂപയും മെയ് മാസം 30ന് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ വീണു. അതായത് 1.25 ലക്ഷം രൂപ ആകെ കിട്ടേണ്ടയാള്‍ക്ക് 1.85 രൂപ രണ്ടുഘട്ടങ്ങളിലായി ലഭിച്ചു. ഇതോടെയാണ് അധികമായി കിട്ടിയ 60,000 രൂപ തിരിച്ചടക്കാന്‍ പറഞ്ഞത്. പൊന്നമ്മ രാജന്റെ സംഭവത്തിലും ഇതു തന്നെയാണ് സ്ഥിതി. പൊന്നമ്മ രാജന്റെ നഷ്ടം ആദ്യം കണക്കാക്കിയത്  1.25 ലക്ഷം രൂപ നല്‍കേണ്ട കാറ്റഗറിയിലായിരുന്നു. ഈ തുക ഫെബ്രുവരി 15ന് നല്‍കുകയും ചെയ്തു. അതിനു ശേഷം പൊന്നമ്മ രാജന്‍ അപ്പീല്‍ പോകുകയും തുടര്‍ന്ന് സര്‍വേ നടത്തുകയും ചെയ്തതോടെ, 2.5 ലക്ഷം രൂപയുടെ കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. അതോടെ, ആദ്യം നല്‍കിയ തുക കുറച്ചുള്ള പണമായ 1 ലക്ഷം രൂപ നല്‍കേണ്ട സ്ഥാനത്ത് അവരുടെ അക്കൗണ്ടിലേക്കും 2.5 ലക്ഷം രൂപയും തെറ്റായി നല്‍കേണ്ടി വന്നു. അങ്ങനെയാണ് അവര്‍ കൈപ്പറ്റിയ അധികത്തുകയായ 1.5 ലക്ഷം രൂപ തിരികെ ചോദിച്ചതെന്നും ഡോ.വേണു രേഖകള്‍ സഹിതം വ്യക്തമാക്കി. അപ്പീല്‍ തുക നല്‍കിയപ്പോള്‍ സംഭവിച്ച ചെറിയ പിശകുകളാണ് ഇത്തരത്തില്‍ ആവര്‍ത്തനത്തിന് ഇടയാക്കിയത്. ആ പിശകുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും, എല്ലാവരും ഈ പ്രകൃയയോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News