വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രി വിട്ടു



കൊച്ചി > വിനോദയാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ്‌ കോഴിക്കോട്‌ നിന്നെത്തിയ വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തത്‌. ഡിസ്‌ചാർജ്‌ ആയതിനെ തുടർന്ന് സംഘം കോഴിക്കോടേക്ക്‌ തിരിച്ചു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്കു വിനോദയാത്ര വന്നവരാണ്‌ ഭക്ഷ്യവിഷബാധയെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ചികിത്സ തേടിയവവരിൽ കുട്ടികളും അനുഗമിച്ച കെയർടേക്കർമാരും ഉൾപ്പെടെ 85 പേർ വരും. രണ്ടുപേരെ വ്യാഴാഴ്‌ച രാവിലെയും ബാക്കിയുള്ളവരെ ബുധനാഴ്‌ചയുമാണ്‌ വിട്ടയച്ചത്‌. ആകെ 104 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 65 വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വളന്റിയർമാർ എന്നിവരുൾപ്പെടും. രണ്ടു ബസുകളിലായി കൊച്ചിയിലെത്തിയ സംഘം മറൈൻഡ്രൈവിൽ എത്തി ബോട്ടിൽ യാത്ര ചെയ്‌തിരുന്നു. ഹൈക്കോടതി ഭാഗത്ത്‌ പ്രവർത്തിക്കുന്ന വില്ലീസ്‌ കിച്ചണിൽ നിന്നാണ്‌ ഉച്ചഭക്ഷണം ഇടപാട്‌ ചെയ്‌തത്. ഇത് ബോട്ടിലിരുന്ന് എല്ലാവരും കഴിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിലുണ്ടായിരുന്ന ഒരു കറിയാണ് വിഷബാധയ്ക്ക് കാരണമായത്. സംഭവത്തെതുടർന്ന് ഹോട്ടൽ ഭക്ഷ്യ സുരക്ഷ വകുപ്പ്‌ പൂട്ടിച്ചു. ഹൈക്കോടതിക്ക്‌ സമീപം പ്രവർത്തിക്കുന്ന വില്ലീസ്‌ ഹോട്ടലിന്റെ ലൈസൻസ്‌ റദ്ദ്‌ ചെയ്‌തതായി ഭക്ഷ സുരക്ഷ ഓഫീസർ പി കെ ജോൺ വിജയകുമാർ പറഞ്ഞു. ഡിഎംഒ ഡോ. ആശാദേവിയുടെ നിർദേശപ്രകാരമാണ്‌ ഭക്ഷ്യ സുരക്ഷ വകുപ്പ്‌ ഹോട്ടലിൽ പരിശോധന നടത്തിയത്‌.       Read on deshabhimani.com

Related News