ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കി



തിരുവനന്തപുരം > ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധനകൾ നടത്തി.  53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.  മൂന്ന് സ്‌ക്വാഡുകളായി വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാൽ, പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തി. ലാബിൽ നിന്ന് പരിശോധന റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർ അജി, അസിസ്റ്റന്റ് കമ്മീഷണർമാരായ സക്കീർ ഹുസൈൻ, ഷണ്മുഖൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ നയനലക്ഷ്മി, ഹാസില, ഹേമ, ജോബിൻ തമ്പി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News