ഭക്ഷ്യപരിശോധന; 119 സ്ഥാപനത്തിന്‌ നോട്ടീസ്‌



തിരുവനന്തപുരം > "നല്ല ഭക്ഷണം നാടിന്റെ അവകാശം' പ്രചാരണത്തിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലിലടക്കം പരിശോധന ശക്തമാക്കി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ശനിയാഴ്‌ച 349 സ്ഥാപനത്തിൽ പരിശോധന നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടയ്‌ക്കെതിരെ നടപടിയെടുത്തു. 119 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. 22 കിലോ  വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോല് കണ്ടെത്തിയ നെടുമങ്ങാട്‌ നഗരസഭയിലെ ഹോട്ടലുകളിൽ  ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. രണ്ടുമുതൽ ഏഴുവരെ സംസ്ഥാന വ്യാപകമായി 1132 പരിശോധന നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടയ്‌ക്കെതിരെ നടപടിയെടുത്തു. 466 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. 162 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 6035 കിലോ  മത്സ്യം പിടിച്ചെടുത്ത്‌ നശിപ്പിച്ചു.  4010 പരിശോധനയിൽ 2014 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനം പരിശോധിച്ചു. കാസർകോട്‌ ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽനിന്ന്‌ ശേഖരിച്ച ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമോണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമോണല്ലയുടെയും സാന്നിധ്യവും കണ്ടെത്തി. ഷവർമ സാമ്പിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാഫലത്തിലാണ്‌ ഈ വിവരം. സ്ഥാപനത്തിനെതിരെ ഉടൻ നടപടിയെടുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. Read on deshabhimani.com

Related News